കോതമംഗലം: വന്യമൃഗങ്ങളിൽ നിന്നു ജനങ്ങളെയും കൃഷിയിടങ്ങളും സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. യുഡിഎഫ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക രക്ഷായാത്രയുടെ സമാപന സമ്മേളനം കോട്ടപ്പടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷിയാസ്. വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയാൻ 1500 കോടിയുടെ പദ്ധതിയാണ് വനം വകുപ്പ് സർക്കാരിനു നൽകിയത്. എന്നാൽ ബജറ്റിൽ വകയിരുത്തിയത് കേവലം 25 കോടി രൂപ മാത്രമാണ്. വന്യജീവികൾ വലിയ സാമൂഹ്യ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഭൂമി ക്രയവിക്രയം സാധ്യമാകുന്നില്ല. രാത്രിയിൽ അടിയന്തര വൈദ്യസഹായം ആവശ്യമായി വരുമ്പോൾ കാട്ടാനയുടെ ഭീഷണി ഉള്ളതിനാൽ ഒരു ഓട്ടോ വിളിച്ചാൽ പോലും വരാൻ മടിക്കുകയാണ്.
വനാതിർത്തി ഗ്രാമങ്ങളിലേക്ക് പെൺകുട്ടികളെ കെട്ടിച്ചയക്കാൻ പോലും മാതാപിതാക്കൾ മടിക്കുകയാണ്. അടിയന്തര പ്രധാന്യത്തോടെ വന്യമൃഗശല്യം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക, ജീവനും സ്വത്തിനും സംരക്ഷണം നൽകുക, നഷ്ടപരിഹാര തുക ഉയർത്തി സമയബന്ധിതമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ യാത്രയ്ക്ക് കോട്ടപ്പടി, പിണ്ടിമന, കവളങ്ങാട്, കുട്ടമ്പുഴ, കീരമ്പാറ പഞ്ചായത്തുകളിലെ 25 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
ജാഥ ക്യാപ്റ്റൻ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു.
ഷിബു തെക്കുംപുറം, കെ.പി.ബാബു, ടി.യു.കുരുവിള, പി.പി.ഉതുപ്പാൻ, ഇ.എം.മൈക്കിൾ, റാണിക്കുട്ടി ജോർജ്, എ.ടി.പൗലോസ്, എം.എസ്.എൽദോസ്, എബി എബ്രഹാം, പി.എ.എം.ബഷീർ, എം.കെ.വേണു, കെ.കെ.സുരേഷ്, കെ.ഇ.കാസിം, ജോബി തെക്കേക്കര,ഡി.കോര എന്നിവർ പ്രസംഗിച്ചു. വൈസ് ക്യാപ്റ്റന്മാരായ ബിജു വെട്ടിക്കുഴ, ആൻ്റണി പാലക്കുഴി, നിസമോൾ ഇസ്മയിൽ, എ.സി. രാജശേഖരൻ, കോ-ഓർഡിനേറ്റർ പി.സി.ജോർജ് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.