കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ഐ റ്റി പാർക്ക്, ഫർണീച്ചർ ഹബ്ബ്, റബ്ബർ അധിഷ്ഠിത വ്യവസായ ഹബ്ബ് തുടങ്ങിയ വേണമെന്ന നിവേദനം മന്ത്രിക്ക് സമർപ്പിച്ചു. വിനോദ സഞ്ചാരകേന്ദ്രമെന്ന നിലയിൽ ഭൂതത്താൻകെട്ടിൽ പോലീസ് സ്റ്റേഷനും കോതമംഗലത്ത് ഡി വൈ എസ്പി ഓഫീസും വേണമെന്ന ആവശ്യവുമായി മന്ത്രി പി രാജീവിന് നിവേദനം സമർപ്പിച്ചു. വ്യവസായ വകുപ്പുമന്ത്രിയായി ചുമതലഏറ്റശേഷം ആദ്യമായി കോതമംഗലത്ത് എത്തിയ പി രാജീവിന് മുന്നിൽ സി പി ഐ എം ഏരിയാ കമ്മറ്റി സമർപ്പിച്ച നിവേദന നിർദ്ദേശങ്ങൾ കിഴക്കൻമേഖലയുടെ വ്യവസായവൽക്കരണത്തിന്റെയും വികസനത്തിന്റെയും ഗതിനിർണയിക്കുന്നതാണ്.
കോതമംഗലത്ത് ഐ റ്റി അധിഷ്ഠിത വ്യവസായ പാർക്ക് , നെല്ലിക്കുഴിയിലെ ഫർണീച്ചർ ഹബ്ബ് , കാർഷിക മേഖല എന്നനിലയിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണ സംസ്ക്കരണ വിപണന കേന്ദ്രം, റബ്ബർ അധിഷ്ഠിത വ്യവസായ ഹബ്ബ് എന്നിവ സ്ഥാപിക്കാൻ അടിയന്തിര നടപടി വേണമെന്ന സുപ്രധാന ആവശ്യങ്ങളാണ് ഏരിയാ സെക്രട്ടറി ആർ.അനിൽ കുമാറിന്റെ നേതൃത്വത്തിൽ മന്ത്രി രാജീവിന് സമർപ്പിച്ച നിവേദനത്തിലെ ഉള്ളടക്കം.
ചെറുവട്ടൂർ ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിലും കുട്ടമ്പുഴയിലും തൊഴിലധിഷ്ഠിതമായ ഐ റ്റി ഐ കോഴ്സുകൾ അനുവദിക്കണമെന്ന നിവേദനങ്ങളും മന്ത്രിക്ക് നൽകിയിട്ടുണ്ട്. പാർട്ടി ഏരിയാകമ്മറ്റി മുന്നോട്ടുവച്ചിരിക്കുന്ന വ്യവസായപദ്ധതി നിർദ്ദേശങ്ങൾ നടപ്പിലാക്കുകയാണങ്കിൽ കോതമംഗലത്തിന്റെ സമഗ്രമായ വികസനത്തെ ത്വരിതപ്പെടുത്തും. ഏഷ്യയിലെ തന്നെ ആദ്യത്തെ റബ്ബർ ഉൽപ്പാദ കേന്ദ്രമായിരുന്ന പാലമറ്റം ഉൾപ്പെടുന്ന കോതമംഗലം മേഖലയിൽ റബ്ബറധിഷ്ഠിത വ്യവസായം വന്നാൽ അത് വലിയ തൊഴിൽലഭ്യതയും പുരോഗതിയും സമ്മാനിക്കുന്നതായിത്തീരും.
ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ ഫർണീച്ചർ വ്യാപാരകേന്ദ്രമായ നെല്ലിക്കുഴിയിൽ ഫർണീച്ചർ ഹബ്ബ് വേണമെന്ന വർഷങ്ങളായുള്ള ആവശ്യവും പ്രതീക്ഷ പകരുന്നതാണ്. വ്യവസായ വികസനത്തിൽ പിന്നോക്കം നിൽക്കുന്ന കോതമംഗലത്ത് വിവരസങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഐ റ്റി പാർക്ക് വേണമെന്നആവശ്യം പരിഗണിക്കപ്പെട്ടാൽ കിഴക്കൻ മേഖലയുടെ മുഖഛായ മാറുന്ന വൻ മാറ്റങ്ങൾക്ക് തുടക്കമാകും.