കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ ഇ ജോയ് അധ്യക്ഷനായി. ആൻ്റണി ജോൺ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാജി മുഹമ്മദ്, സൈജൻ്റ് ചാക്കോ, പി എം എ കരീം, ബിനോയ് ബ്ലായിൽ, സോജൻ ജോസഫ്, അഭിലാഷ് രാജ്, പി കെ മാത്യൂസ്, യാസർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടം നൽകിയ ആദ്യകാല പ്രവർത്തകനും,സി പി ഐ എമ്മിന്റെ കോതമംഗലം താലൂക്ക് കമ്മിറ്റി അംഗമായിരുന്നു
കെ കെ പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന കെ കെ പൗലോസ്.തുടർന്ന് കവളങ്ങാട് ഏരിയ കമ്മിറ്റി രൂപം കൊണ്ടപ്പോൾ നേതൃ നിരയിലെ പ്രധാനിയായി കെ കെ പി മാറി.നെല്ലിമറ്റം സെന്റ് ജോൺസ് സ്കൂൾ അധ്യാപകനായി വിരമിച്ച ശേഷം പൊതു പ്രവർത്തനത്തനത്തിലും കൃഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
1998 മുതൽ ഇരുപതു വർഷക്കാലം ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു.തലക്കോട് പുത്തൻകുരിശ് ഭാഗത്തെ സമ്പന്ന ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച കെ കെ പി കുടുംബത്തിന്റെ പൊതുധാരയിൽ നിന്നും വേറിട്ട് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി പാർട്ടി പ്രവർത്തകനായി മാറുകയായിരുന്നു.
പാർട്ടിക്ക് നെല്ലിമറ്റത്ത് ഏരിയ ആസ്ഥാനം നിർമ്മിക്കുന്നതിലും ഊന്നുകൽ സഹകരണ ബാങ്കിനെ ഇന്നത്തെ നിലയിലേക്ക് വളർത്തി എടുക്കുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ചു.
സജീവ രാഷ്ട്രീയത്തിൽ നിന്നും കുറച്ചു
വർഷങ്ങളായി വിട്ടു നിന്നിരുന്ന അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ആണ് മരണത്തിന് കീഴടങ്ങിയത്.
പൊതു പ്രവർത്തകൻ, അധ്യാപകൻ, സഹകാരി, കർഷകൻ എന്നീ നിലകളിൽ സമർപ്പിത ജീവിതം നയിച്ച വ്യക്തിയാണ്.



























































