കോതമംഗലം: കീരംപാറ പഞ്ചായത്തിലെ വെളിയേൽച്ചാലിനു സമീപം ഉരുൾപൊട്ടൽ ഭീഷണി ഉയർത്തിക്കൊണ്ട് മണ്ണിടിച്ചിൽ. ഒരേക്കറോളം കൃഷിയിടം നശിച്ചു. കീരംപാറ പഞ്ചായത്തിലെ ഏഴാം വാർഡായ മുട്ടത്തുകണ്ടത്താണ് വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഏകദേശം 150 – ഓളം അടി ഉയരത്തിൽ നിന്ന് കല്ലും മണ്ണും പതിക്കുകയായിരുന്നു. മലയുടെ ചെരുവിലുണ്ടായിരുന്ന ഒരേക്കറോളം കൃഷിഭൂമി നശിച്ചുപോയി.
കൃഷിയിടത്തിലെ റബർ മരങ്ങളും മറ്റ് മരങ്ങളും കൂറ്റൻ പാറക്കല്ലുകൾക്കൊപ്പം കടപുഴകി താഴേക്ക് പതിച്ചു. ഏഴോളം വീടുകൾ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് താഴെയുണ്ട്. ഇവരെ മാറ്റി പാർപ്പിക്കാനുള്ള നടപടി സ്വീകരിച്ചു. റവന്യൂ, പോലീസ്, പഞ്ചായത്ത് അധികൃതർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.