NEWS
വിവിധ പദ്ധതികളിലുള്ള കാലതാമസം ഒഴിവാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എം. എൽ. എ

കൊച്ചി : എറണാകുളം ജില്ലയിൽ കിഫ്‌ബി വഴി അനുവദിച്ചിരിക്കുന്ന വിവിധ പദ്ധതികളിലുള്ള കാലതാമസം ഒഴിവാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എം. എൽ. എ മാരായ റോജി എം. ജോൺ, പി. വി ശ്രീനിജിൻ, ആന്റണി ജോൺ എന്നിവർ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ പതിമൂന്നോളം പദ്ധതികൾക്ക് കിഫ്‌ബി തുക അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതികൾ യഥാസമയം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുംഎം. എൽ. എ മാർ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ഡോ. രേണുരാജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജല ദൗർലഭ്യം ഉയർന്നു വരുന്ന സാഹചര്യത്തിൽ പെരിയാർ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള കനാലുകൾ ഡിസംബർ ആദ്യ ആഴ്ച തന്നെ തുറക്കാൻ സജ്ജമാവണമെന്ന് എം. എൽ. എ മാരായ റോജി എം. ജോൺ, ആന്റണി ജോൺ എന്നിവർ ആവശ്യപ്പെട്ടു. ഭൂതത്താൻകെട്ടിൽ നവംബർ 14 മുതൽ ഇതിനാവശ്യമായ ജലസംഭരണം ആരംഭിക്കും. പെരിയാർ വാലി കനാലുകളും ഇതിനോടൊപ്പം വൃത്തിയാക്കും.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മുടങ്ങിയ കെ. എസ്. ആർ. ടി. സി സർവീസുകൾ പുനഃരാരംഭിക്കണമെന്ന് എം. എൽ. എ മാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ ആവശ്യപ്പെട്ടു. ആളുകൾ കൂടുതലായി ആശ്രയിക്കുന്ന മുവാറ്റുപുഴ – കൂത്താട്ടുകുളം, മുവാറ്റുപുഴ -എറണാകുളം രാത്രി സർവീസ്, അടിവാട് -പരീക്കണ്ണി, ഇലഞ്ഞി -കൂത്താട്ടുകുളം സർവീസുകൾ അടിയന്തരമായി പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.
കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ജല വിതരണത്തിനുള്ള പഴയ പൈപ്പുകൾ സംസ്ഥാന പദ്ധതികളിലോ കേന്ദ്ര പദ്ധതികളിലോ ഉൾപ്പെടുത്തി നവീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ എം. പി ആവശ്യപ്പെട്ടു. വൈപ്പിൻ, മുളവുകാട്, ചെല്ലാനം, കുമ്പളങ്ങി പ്രദേശങ്ങളിലെ റോഡുകൾ പ്രധാന മന്ത്രി ഗ്രാമീൺ സടക് യോജനയിൽ ഉൾപെടുത്താൻ നടപടി സ്വീകരിക്കണമെന്നും എം. പി നിർദേശിച്ചു.
നിബന്ധനകൾ ലംഘിച്ചു നിർമിച്ച മലയിടം തുരുത്ത്, വിലങ്ങ് സ്കൂളുകളിലെ നിർമാണത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ ശുപാർശ ചെയ്യണമെന്ന് പി. വി ശ്രീനിജിൻ എം. എൽ. എ ആവശ്യപ്പെട്ടു. വിലങ്ങ് സ്കൂൾ തത്കാലികമായി പ്രവർത്തിക്കുന്ന സ്ഥലത്തു സൗകര്യങ്ങൾ കുറവായതിനാൽ പുതിയ സ്കൂൾ കെട്ടിടം സുരക്ഷിതമാണെങ്കിൽ കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റാൻ വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർക്ക് നിർദേശം നൽകി. പെരിയാർ വാലി ഇറിഗേഷൻ കനാലിനു കുറുകെ കിറ്റക്സ് കമ്പനി അനധികൃതമായി സ്ഥാപിച്ച മാലിന്യ പൈപ്പുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കാത്ത സാഹചര്യത്തിൽ നിയമ നടപടികൾ സ്വീകരിക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകി. അനധികൃതമായി നികത്താൻ ശ്രമിച്ച പാടങ്ങളിലെ മണ്ണ് നീക്കം ചെയ്യണമെന്നും എം. എൽ. എ പറഞ്ഞു. ഇത്തരത്തിലുള്ള മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി അദാലത്ത് നടത്തും. പെരുമ്പാവൂർ -ആലുവ റോഡിന്റെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കണമെന്നും പി. വി ശ്രീനിജിൻ എം. എൽ. എ ആവശ്യപ്പെട്ടു.
കോതമംഗലത്തെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ വീടുകള്‍ക്ക് അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ വെട്ടുന്നതിന് അടിയന്തര പ്രധാന്യം നല്‍കണമെന്ന് ആന്‍ണി ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. തങ്കളം- കാക്കനാട് പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. കുട്ടമ്പുഴ പന്തപ്ര ആദിവാസി കോളനിയിലെ ഭവന നിര്‍മ്മാണം വേഗത്തിലാക്കാൻ എം.എല്‍.എയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ നവംബര്‍ ആദ്യ വാരത്തില്‍ യോഗം ചേരും. വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനായി വാടാട്ടുപാറയില്‍ 4 കിലോമീറ്റര്‍ പുതിയ ഫെസിങ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 7 കിലോമീറ്ററില്‍ പുതിയതായി ഫെസിങ് ചെയ്യുന്നതിനുള്ള
നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.
തുടര്‍ച്ചയായി മണ്ണിടിച്ചിലുണ്ടാകുന്ന നേര്യമംഗലം മേഖലയിലെ സ്ഥലങ്ങള്‍ ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഫെബ്രുവരിയോടെ പൂര്‍ത്തീകരിക്കും. നേര്യമംഗലത്തിന് സമാനമായി ഇടമലയാറിലും മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളുണ്ടെന്നും അവിടെയും പഠനം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
കോതമംഗലം മണ്ഡലത്തിലെ ദേശീയ പാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളുകള്‍ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എം. എൽ. എ ആവശ്യപ്പെട്ടു, അടിയന്തര സാഹചര്യങ്ങളിൽ ട്രാഫിക് വാര്‍ഡന്മാരുടെ സേവനം പ്രയോജനപ്പെടുത്തണം.
മുടിക്കൽ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര നിർണയം ഉടൻ പൂർത്തിയാക്കണമെന്ന് മാത്യു കുഴൽനാടൻ എം. എൽ. എ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്ന ആധാര കൈമാറ്റങ്ങൾ ബുധനാഴ്ചക്കകം കൈമാറാൻ സബ് രജിസ്ട്രാർ ഓഫീസർക്ക് നിർദേശം നൽകി. ആവശ്യമെങ്കിൽ കൂടുതൽ റെവന്യൂ ഉദ്യോഗസ്ഥരെ പദ്ധതി നടത്തിപ്പിനായി നിയോഗിക്കും. ജൽ ജീവൻ മിഷന്റെ ഭാഗമായി വാളകം പഞ്ചായത്തിൽ നിർമിക്കുന്ന പുതിയ വാട്ടർ ടാങ്കിന്റെ ടെൻഡർ 40 ദിവസങ്ങൾക്കകം പ്രസിദ്ധീകരിക്കും. മൂവാറ്റുപുഴ കോർമല വാട്ടർ ടാങ്കിന്റെ ഘടന സ്ഥിരത റിപ്പോർട്ട് തയ്യാറായി കഴിഞ്ഞു. അതിനു ശേഷം സെൻസറുകൾ സ്ഥാപിച്ചു ജലനിരപ്പ് ഉയർത്തുമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ആരക്കുഴ ഗ്രാമപഞ്ചായത്തിലെ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞു കിടക്കുന്ന സ്ഥലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് എം. എൽ. എ യുടെ അധ്യക്ഷതയിൽ യോഗം ചേരാനും തീരുമാനമായി.
മണ്ഡലകാലം കണക്കിലെടുത്ത് കാലടിഭാഗത്ത് പെരിയാറിന്റെ വിവിധ കടവുകൾ ശുചീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് റോജി.എം.ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അങ്കമാലി ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍വേ നടപടികള്‍ ഉടൻ ആരംഭിക്കണമെന്നും എം. എൽ. എ പറഞ്ഞു.
പൊതു മരാമത്ത്, പഞ്ചായത്ത് എന്നിവരുടെ ഉടമസ്ഥതയിലുള്ള റോഡുകൾ വാട്ടർ അതോറിറ്റി കുഴിക്കുന്ന പക്ഷം നിർബന്ധമായും പുനഃസ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആവശ്യപ്പെട്ടു. തൃക്കാക്കരയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ട്രാഫിക് അഡ്വൈസറി ബോർഡ് യോഗം ഉടൻ ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടപ്പ് സാമ്പത്തിക വർഷത്തിലെ വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതിയും യോഗത്തിൽ വിലയിരുത്തി. കേരള വാട്ടർ അതോറിറ്റി പി. എച്ച് ഡിവിഷൻ കൊച്ചി, ജെൻറം കൊച്ചി പ്രൊജക്റ്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, മുവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് (റോഡ്സ് ) തൃക്കാക്കര, ഇടമലയാർ ഇറിഗേഷൻ പ്രൊജക്റ്റ് ഡിവിഷൻ 1, പൊതുമരാമത്ത് വകുപ്പ് (ബിൽഡിംഗ്), എന്നീ ഓഫീസുകൾ 100 ശതമാനം തുകയും ചെലവഴിച്ചു. ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ 99.9 ശതമാനം തുകയും വിനിയോഗിച്ചു.
യോഗത്തിൽ ഹൈബി ഈഡൻ എം. പി, എം. എൽ. എ മാരായ ആന്റണി ജോൺ, റോജി എം. ജോൺ, പി വി ശ്രീനിജിൻ, മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ് ഷാജഹാൻ, ജില്ലാ പ്ലാനിങ് ഓഫീസർ പി. എ ഫാത്തിമ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
NEWS
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കോതമംഗലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് “മാലിന്യമുക്ത നവകേരളം” ക്യാമ്പിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.കന്നി ഇരുപത് പെരുന്നാൾ കൂടി നടക്കുന്ന സാഹചര്യത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയർമാർ,നഗരസഭയുടെ ശുചീകരണ തൊഴിലാളികളടക്കം അടങ്ങുന്ന ഒരു വിപുലമായ ശുചീകരണ യജ്ഞമാണ് കോതമംഗലത്ത് സംഘടിപ്പിച്ചത്. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ കൗൺസിലർ മാരായ കെ വി തോമസ്, ഭാനുമതി രാജു,ഷിബു കുര്യാക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
NEWS
റോഡുവികസനത്തിന് രാഷ്രീയമില്ല: മന്ത്രി മുഹമ്മദ് റിയാസ്

പെരുമ്പാവൂർ : ഉയർന്ന നിലവാരത്തിൽ 2.57 കോടി രൂപാ ചിലവഴിച്ച് പുനർ നിർമ്മാണം പൂർത്തിയാക്കിയ റയോൺപുരം പാലത്തിന്റെയും , സംസ്ഥാന ബജറ്റിൽ ഈ വർഷം 5 കോടി രൂപാ വകയിരുത്തിയ പെരുമ്പാവൂർ -കൂവപ്പടി റോഡിന്റെ നിർമ്മാണത്തിന്റെയും , 1.4 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന മൂവാറ്റുപുഴ പാണിയേലി റോഡിന്റെ നിർമ്മാണത്തിന്റേയും ഉദ്ഘാടനം ചേരാനല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. പത്തോളം പദ്ധതികളിലായി ഏകദേശം നാല്പതു കോടി രൂപയുടെ പൊതുമരാമത്ത് പണികളാണ് ഈ വർഷം പെരുമ്പാവൂരിൽ നടക്കുന്നത്
ഇതിനോടകം നിർമാണം പൂർത്തീയാക്കിയ റോഡുകളുടെ പരിപാലനത്തിനായി റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും പെരുമ്പാവൂർ മണ്ഡലത്തിലെ തോട്ടുവാ നമ്പിള്ളി റോഡ്, കുറിച്ചിലകോട് ജംഗ്ഷന്റെ നവീകരണം, കടുവാളിൽ നിന്ന് എയർപോർട്ടിലേക്കുള്ള റോഡ് എന്നിവക്ക് ആവശ്യമായ തുകയും അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും , റോഡുകളുടെ വികസന കാര്യത്തിൽ രാഷ്ട്രീയം മറന്ന് ഒന്നിച്ചു നീങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി യോഗത്തിൽ പറഞ്ഞു.
ചാലക്കുടി എം.പി ബെന്നി ബഹന്നാൻ മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ മുൻ എംഎൽഎ സാജു പോൾ, ബാബു ജോസഫ്, കൂവപ്പടി ബ്ലോക്ക് പ്രസിഡന്റ് ബേസിൽ പോൾ, പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അരവിന്ദ്, പി.പി. അവറാച്ചൻ , ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് മൂത്തേടൻ, തുടങ്ങിയവരും , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, രാഷ്ട്രീയ കക്ഷി പ്രതിനിധികളും, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ നീന സൂസൻ പുന്നൻ എന്നിവരും പങ്കെടുത്തു.
NEWS
കന്നി ഇരുപത് പെരുന്നാൾ: തീർത്ഥാടകർക്കായി നേർച്ച കഞ്ഞി വിതരണം നടത്തി

കോതമംഗലം : കന്നി ഇരുപത് പെരുന്നാൾ പ്രമാണിച്ച് തീർത്ഥാടകർക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ കോതമംഗലം ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. 11 വർഷമായി മുടങ്ങാതെ പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് കന്നി പത്തൊമ്പതാം തീയതി എല്ലാ വർഷവും 10000 കണക്കിന് ഭക്തജനങ്ങൾക്ക് നേർച്ച കഞ്ഞി വിതരണം നടത്തിവരുന്നത്.ഈ പ്രാവശ്യവും മുടക്കം കൂടാതെ നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. ബേസിൽ സ്കൂളിന് സമീപത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആന്റണി ജോൺ എംഎൽഎ നേർച്ച കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ കെ വി തോമസ്, എ ജി ജോർജ്, ഭാനുമതി രാജു,സജി ജോർജ്,അജി കാട്ടുചിറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
-
CRIME7 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
NEWS1 week ago
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി: ബ്രിട്ടനിൽ ഗവേഷണത്തിന് 1.5 കോടിയുടെ സ്കോളർഷിപ്പ്
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 week ago
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ
-
CRIME1 week ago
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്സൈസ് പിടിയില്‍
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു