കോതമംഗലം : പുന്നേക്കാട് മുതൽ തട്ടേക്കാട് വരെയുള്ള വഴിയാത്രക്കാർ ആശങ്കയിൽ. പുന്നെക്കാട് -തട്ടേക്കാട് വരെ ഉള്ള വഴിയരുകിൽ ആന കൂട്ടമായി ഇറങ്ങുന്നത് പതിവാകുന്നു. ഇന്നലെ വ്യാഴാഴ്ച്ച വൈകിട്ട് കാട്ടാന ഇറങ്ങിയത് ഈ വഴിയുള്ള യാത്രക്കാരെ ആശങ്കയിലാഴ്ത്തി. കാട്ടാനകളുടെ വിളയാട്ടം ഈ മേഖലയിൽ വർദ്ധിച്ചു വരുകയാണ്. നിരവധി വാഹനങ്ങളും വഴി യാത്രക്കാരും പോകുന്ന പ്രധാന റോഡിലാണ് കാട്ടാനകളുടെ വിളയാട്ടം. തട്ടേക്കാട് എസ് വളവിന്റെ അടുത്തുകൂടിയാണ് കാട്ടാനകൾ വിഹാരം നടത്തുന്നത്. തന്മൂലം പരിസരവാസികളും ഉൾഭയത്തോടുകൂടിയാണ് കഴിയുന്നത്. ഫോറെസ്റ്റ് ഉദ്യോഗസ്ഥർ എത്തി പടക്കം പൊട്ടിച്ചു പേടിപ്പിച്ചു കാട്ടാനകളെ കാട്ടിൽ കേറ്റി വിട്ടശേഷമാണ് വാഹനങ്ങളെ കടന്നുപോകാൻ അനുവദിച്ചത്.
