കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കീരംപാറ പഞ്ചായത്തിലെ നാടുകാണി പ്രദേശത്ത് പുതിയ മാവേലി സ്‌റ്റോർ ആരംഭിക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് ബഹു:സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ വ്യക്തമാക്കി. മണ്ഡലത്തിലെ കീരംപാറ പഞ്ചായത്ത്,കവളങ്ങാട് പഞ്ചായത്ത്, കോതമംഗലം മുനിസിപ്പാലിറ്റി എന്നിവയുടെ സംഗമ സ്ഥലം കൂടിയായ നാടുകാണി പ്രദേശത്ത് പുതിയ മാവേലി സ്‌റ്റോർ ആരംഭിച്ചാൽ പ്രദേശത്ത് താമസിക്കുന്ന സാധാരണക്കാരായ ഏകദേശം 5000 ത്തോളം കുടുംബങ്ങൾക്ക് വലിയ പ്രയോജനം ലഭ്യമാകുന്നതിനാൽ പ്രസ്തുത പ്രദേശത്ത് ഒരു പുതിയ മാവേലി സ്‌റ്റോർ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമ സഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു:മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
നാടുകാണി പ്രദേശത്ത് സപ്ലൈകോ മാവേലി സ്റ്റോർ ആരംഭിക്കുന്നത് സംബന്ധിച്ച് സപ്ലൈകോ എറണാകുളം മേഖല മാനേജർ മുഖാന്തിരം ആവശ്യമായ സാധ്യത പഠനം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, സാധ്യത പഠന റിപ്പോർട്ട് വിശകലനം ചെയ്ത് വിൽപന സാധ്യത, ലാഭ നഷ്ടത്തിന്റെ തോത്,നിലവിലെ സർക്കാർ മാനദണ്ഡ പ്രകാരമുള്ള വാടക രഹിത കെട്ടിടത്തിന്റേയും അനുബന്ധ സൗകര്യങ്ങൾക്കായുള്ള ഫണ്ടിന്റെയും ലഭ്യത, ആവശ്യമായ ജീവനക്കാരുടെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച് ആവശ്യമായ തുടർ നടപടി സ്വീകരിക്കുമെന്നും ബഹു: സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login