കോതമംഗലം: കീരംപാറ പഞ്ചായത്തിൽ പാലമറ്റത്ത് ജനസേവന കേന്ദ്രം പ്രവർത്തനം തുടങ്ങി. കേന്ദ്ര സർക്കാരിൻ്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കീഴിലുള്ള ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്ററാണ് ഇവിടെ പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. CSC ഡിജിറ്റൽ സേവയുടെ ഉത്‌ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഈ ജനസേവന കേന്ദ്രം വഴി സംസ്ഥാന – കേന്ദ്ര സർക്കാരുകളുടെ വിവിധ ഓൺലൈൻ സേവനങ്ങൾ വളരെ എളുപ്പത്തിലും വേഗത്തിലും പൊതുജനങ്ങൾക്ക് ലഭ്യമാകും.
ഇലക്‌ട്രിസിറ്റി ബിൽ, വാട്ടർ ബിൽ, ഫോൺ ബിൽ തുടങ്ങിയ എല്ലാവിധ ബിൽ പേയ്‌മെന്റുകളും, വില്ലേജ്, പഞ്ചായത്ത്, താലൂക്ക്, രജിസ്ട്രാർ ഓഫീസ് തുടങ്ങിയ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങളും സർട്ടിഫിക്കറ്റുകളും ഇവിടെനിന്നും ലഭിക്കുന്നതാണ്. കൂടാതെ പാസ്പോര്ട് രജിസ്ട്രേഷനും പുതുക്കലും, പാൻ കാർഡ്, GST, ഇൻകം ടാക്സ് ഫയലിംഗ്, കാർഷിക ക്ഷേമ പദ്ധതികൾ , വിള ഇൻഷുറൻസ് തുടങ്ങി കേന്ദ്ര സർക്കാരിന്റെയും കേരളസർക്കാരിന്റേയും നിരവധി ഓൺലൈൻ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
സാധാരണക്കാരായ ജനങ്ങൾക്ക് സ്വന്തം ഗ്രാമത്തിൽ തന്നെ സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന ഈ സൗകര്യം എല്ലാ വിഭാഗം ജനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ഉദ്ഘാടനത്തിന് ശേഷം ആൻറണി ജോൺ എം.എൽ.എ പറഞ്ഞു. ഇവിടെ നിന്നുള്ള പ്രഥമ ഓൺലൈൻ സേവനം കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി.സി ചാക്കോ, ചിത്രകാരനും എഴുത്തുകാരനുമായ സിജു പുന്നേക്കാടിന് നൽകികൊണ്ട് നിർവഹിച്ചു. കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീബ ജോർജ്, പഞ്ചായത്ത് മെമ്പർമാരായ മഞ്ജു സാബു, സിനി ബിജു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.