കോതമംഗലം: കീരംപാറ പഞ്ചായത്തിലെ നാടുകാണി ഏറംപുറം പനഞ്ചാൽ കോളനിക്കാരുടെ കുടിവെള്ളം പമ്പ് ചെയ്യുന്ന മോട്ടർ കത്തിനശിച്ചു. തന്മൂലം കുടിവെള്ളത്തിനായി അലയുകയാണ് നാട്ടുകാർ. നാടുകാണി ഏറംപുറം കോളനിയിലെ 200-ഓളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. മോട്ടോർ പണി മുടക്കിയത് മൂലം പൈപ്പുകള്‍ കഴിഞ്ഞ രണ്ടുമാസമായി വിശ്രമത്തിലാണ്. തുള്ളി വെള്ളം പൈപ്പില്‍നിന്ന് കിട്ടില്ല എന്ന് കോളനി നിവാസികൾ പരാതിപ്പെടുന്നു. കുടിക്കാന്‍പോലും വെള്ളമില്ലാതെ നട്ടംതിരിയുന്നതിനിടെയെത്തിയ കോവിഡ് പ്രതിരോധവും ഇപ്പോള്‍ ഇരട്ടി പ്രഹരമായിരിക്കുകയാണ്. കുന്നിൻ മുകളിലൂടെ താഴെ ഇറങ്ങി കിലോമീറ്റർ സഞ്ചരിച്ചാണ് ഇവർ ഇപ്പോൾ തലച്ചുമടായി കുടങ്ങളിലും മറ്റും ശേഖരിച്ചു വെള്ളം കൊണ്ടു പോകുന്നത്. എത്രയും വേഗം അധികാരികൾ കനിഞ്ഞു മോട്ടോർ നന്നാക്കി പമ്പിങ് പുനരാംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
