കോതമംഗലം : കീരംപാറ നാടോടി ഭാഗത്തു പെട്ടിക്കട നടത്തുന്ന സ്ത്രീയുടെ മാല പൊട്ടിച്ചു ബൈക്കിൽ കടന്ന് കളയാൻ ശ്രമിച്ചവരെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലും , കോതമംഗലം പോലീസിന്റെ കൃത്യമായ അന്വേഷണവും മൂലം പ്രതികളെ പിടികൂടി. ബൈക്കിൽ രക്ഷപെടുവാൻ ശ്രമിച്ചവരെ നാട്ടുകാർ മറ്റൊരു ബൈക്കിൽ പിന്തുടരുകയും മോഷ്ടാക്കളുടെ ബൈക്ക് പെരിയാർ വാലി കനാലിലേക്ക് മറിയുകയുമായിരുന്നു. ഒരാളെ അവിടെ നിന്നും പിടികൂടി, മറ്റൊരാൾ രക്ഷപെടുകയും ചെയ്‌തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് കൂട്ടുപ്രതിയെ പോലീസ് പിടികൂടുന്നത്.
കോതമംഗലം ബസേലിയോസ് ആശുപത്രി ഏരിയയിൽ നിന്നും മോഷ്ടിച്ച ബൈക്ക് കോടനാട് ഭാഗത്തു ഉപേക്ഷിക്കുകയും അവിടെ നിന്ന് മറ്റൊരു ബൈക്കിൽ എത്തി മാല മോഷണം നടത്തുകയുമായിരുന്നു. നെല്ലിക്കുഴി പാറക്കൽ അൻസിൽ സലിം , കുറുപ്പംപടി ഐമുറി വടക്കേക്കുടിയിൽ എബിൻ അവറാച്ചൻ എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്.
പുല്ലുവഴിയിലും ചെറുകുന്നതും മാല മോഷണം നടത്തിയിട്ടുള്ളതായി പ്രതികൾ പോലീസിനോട് വെളിപ്പെടുത്തി. ലാപ്ടോപ്പ് മോഷണ കേസിൽ പ്രതികൂടിയാണ് നെല്ലിക്കുഴിക്കാരൻ അൻസിൽ. കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ യൂനസ് , സബ് ഇൻസ്‌പെക്ടർ ദിലീഷ് , മാർട്ടിൻ , അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ നിജു ഭാസ്‌ക്കർ , വിനാസ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വര്ഗീസ് ഉതുപ്പ് , ശ്രീജിത്ത് , ബേസിൽ പി ഏലിയാസ് , സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് , ആസാദ് , രഞ്ജിത് തുടങ്ങിയർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
You must be logged in to post a comment Login