കോതമംഗലം : ഇഞ്ചത്തൊട്ടി പാലം – ഭരണാനുമതി നല്കുന്നതിനു മുന്നോടിയായി പൊതുമരാമത്ത് വകുപ്പിനോട് പുതുക്കിയ പ്രൊപ്പോസൽ സമർപ്പിക്കുവാൻ നിർദ്ദേശിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി.ഇതു സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.കോതമംഗലം മണ്ഡലത്തിലെ കീരംപാറ,കുട്ടമ്പുഴ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇഞ്ചത്തൊട്ടി പാലം നിർമാണത്തിനായി 2021-22 ബഡ്ജറ്റിൽ 20 കോടി രൂപയുടെ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുള്ളത് എം എൽ എ ശ്രദ്ധയിൽപ്പെടുത്തി.പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന പൂർത്തീകരിക്കുകയും 5.9 ലക്ഷം രൂപയുടെ ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് പൂർത്തിയാക്കി സമർപ്പിച്ചിട്ടുള്ളതും എം എൽ എ ചൂണ്ടിക്കാട്ടി.പ്രസ്തുത പ്രദേശങ്ങളുടെ വികസനത്തിനും വിശിഷ്യാ ടൂറിസം രംഗത്ത് വലിയ വികസന സാധ്യതയുള്ളതും ജനങ്ങളുടെ ഏറെക്കാലമായ ആവശ്യവുമായ ഇഞ്ചത്തൊട്ടി പാലം യാഥാർത്ഥ്യമാക്കുന്നതിന് വേഗത്തിൽ ഭരണാനുമതി ലഭ്യമാക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.
കോതമംഗലം മണ്ഡലത്തിലെ കീരംപാറ,കുട്ടമ്പുഴ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇഞ്ചത്തൊട്ടി പാലം നിർമാണത്തിന് 2021-22 ലെ സംസ്ഥാന ബഡ്ജറ്റിൽ 20 കോടി രൂപയുടെ എസ്റ്റിമേറ്റിന് 100 രൂപ ടോക്കൺ പ്രൊവിഷൻ വരുത്തിയിട്ടുണ്ട്.ആയതിന് ഭരണാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ സമർപ്പിച്ച പ്രൊപ്പോസൽ പരിശോധിക്കുകയും വിശദമായ പ്രൊപ്പോസൽ സഹിതം ഫയൽ സമർപ്പിക്കുവാൻ ഭരണ വകുപ്പിനോട് നിർദ്ദേശിച്ചതായി ധനകാര്യ വകുപ്പ് കെ എൻ ബാലഗോപാൽ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.