കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി UDF – ലെ മാമച്ചൻ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. LDF – സ്ഥാനാർത്ഥി VC ചാക്കോയെ ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് മാമച്ചൻ പരാജയപ്പെടുത്തിയത്. 13 അംഗ ഭരണസമിതിയിൽ UDF ന് ഏഴും, LDF – ന് ആറും അംഗങ്ങളാണ് ഇപ്പോൾ ഉള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പിന്തുണയിൽ LDF ആണ് പഞ്ചായത്ത് നേരത്തെ ഭരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര സ്ഥാനാർത്ഥിയെ അയോഗ്യ യാക്കിയതോടെ തുല്യ അംഗബലം ആകുകയായിരുന്നു.
ഒഴിവ് വന്ന ആറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥി ജയിച്ചതിനെ തുടർന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട LDF ൻ്റെ പ്രസിഡൻ്റ് VC ചാക്കോ രാജി വച്ചതാണ് പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ കാരണം. സത്യപ്രതിജ്ഞക്ക് ശേഷം UDF ടൗണിൽ ആഹ്ലാദ പ്രകടനവും മധുരവിതരണവും നടത്തി. പഞ്ചായത്തിൻ്റെ വികസനത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പ്രസിഡൻ്റ് പദവി ഏറ്റെടുത്ത മാമച്ചൻ ജോസഫ് പറഞ്ഞു.