കോതമംഗലം : കുപ്പികളിൽ വർണ്ണവിസ്മയം തീർക്കുകയാണ് കോതമംഗലം ശോഭന പബ്ലിക് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ദിയ സിബി. നിരവധി മനോഹരങ്ങളായ ചിത്രങ്ങളാണ് ഈ 10 വയസുകാരി കുപ്പികളിൽ വരച്ചു കൂട്ടിയിരിക്കുന്നത്. ലോക്ക് ഡൗണിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ വെറുതെ ഇരുന്നു മൊബൈലിൽ ഗെയിംസ് കളിക്കുന്നവർക്കും, കാർട്ടൂൺ ചാനൽ കണ്ട് സമയം തള്ളി നീക്കുന്നവർക്കും ഒരു മാതൃകയാണ് ഈ കൊച്ചു മിടുക്കി. വലിച്ചെറിയുന്നതും, ഉപയോഗ ശൂന്യമായിട്ടുള്ളതുമായ കുപ്പികളിൽ പെയിന്റും, ബ്രഷും ഉപയോഗിച്ച് ഒട്ടേറെ ചിത്രങ്ങൾ വരച്ചു കൗതുകകാഴ്ച ഒരുക്കുകയാണ് ഈ കൊച്ചു കാലാകാരി.
കഴിഞ്ഞ ലോക്ക് ഡൌൺ കാലയളവിൽ യു ട്യൂബിൽ കണ്ട വീഡിയോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുപ്പിയിൽ ചിത്രം വരയുടെ ലോകത്തേക്ക് ഈ മിടുക്കിയുടെ വരവ്. അതിന് മുൻപ് ചെറുപ്പം മുതലേ പേപ്പറിൽ പെൻസിലും, വർണ്ണ പേനകളും, ബ്രഷും ഉപയോഗിച്ച് മനോഹരങ്ങളായ ചിത്രങ്ങൾ വരച്ചു തന്റെ കഴിവ് പ്രകടമാക്കിയിട്ടുണ്ട് ഈ ചിത്ര കാരി. ചെറുപ്പം മുതൽക്കു തന്നെ വർണ്ണ കടലാസുകളോടും, ചിത്രങ്ങളോടും പ്രത്യേക ഇഷ്ടവും, വരയോട് താല്പര്യവും ഉണ്ടായിരുന്നതായി ദിയയുടെ മാതാപിതാക്കൾ പറയുന്നു.
മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായ സഹോദരി നിയ സിബിയും ചേച്ചിയുടെ വഴിയേ തന്നെയാണ്. കോതമംഗലം കരിങ്ങഴ കല്ലുംപുറത്ത് സിബി ജേക്കബിന്റെയും ചേലാട് ബ്ലോക്ക് റിസോഴ്സ് സെന്റർ സ്പെഷ്യൽ എഡ്യൂക്കേറ്റർ സ്മിതയുടെയും മൂത്ത മകളാണ് കുപ്പിയിൽ ചായക്കൂട്ടൊരുക്കുന്ന ഈ കുട്ടി കലാകാരി.