കവളങ്ങാട് : ഊന്നുകല്ലിനു സമീപം തടിക്കുളത്ത് നിന്ന് കൂറ്റൻ മലമ്പാമ്പിനെ ഇന്ന് വനപാലകർ പിടികൂടി. തടിക്കുളത്ത് ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വലയിൽ കുടുങ്ങിയ മലമ്പാമ്പിനെയാണ് വനപാലകർ പിടികൂടിയത്. പാമ്പിനെ കണ്ട വീട്ടുകാർ തടിക്കുളം സെക്ഷൻ ഫോറസ്റ്റർ മുരളിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആവോലിച്ചാലിൽ നിന്ന് പാമ്പുപിടുത്ത വിദഗ്ദ്ധനായ CK വർഗ്ഗീസ്, വാച്ചർ MN രാജാജിയോടൊപ്പം ചെന്ന് പാമ്പിനെ പിടികൂടി ഉൾവനത്തിൽ തുറന്നു വിട്ടു. രക്ഷപെടുത്തിയ ആൺ പാമ്പിന് ഏകദേശം 17 കിലോ തൂക്കവും 12 അടിയോളം നീളവുമുണ്ട്.
