കോതമംഗലം : ഊന്നുകൽ ചുള്ളിക്കണ്ടത്ത് ദമ്പതികളെ ആക്രമിക്കുകയും, ഫോറസ്റ്റ് വാച്ചറെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ചേർത്തല വയലാർ നാമക്കാട്ട് വീട്ടിൽ അർജുൻ പ്രദീപ് (24), കഞ്ഞിക്കുഴി എസ്.എൻ പുരം കളത്തിൽ വീട്ടിൽ സജിത് കുമാർ (കിട്ടു 32)എന്നിവരെയാണ് ഊന്നുകൽ പോലിസ് പിടികൂടിയത്. പനക്കുഴി പാലത്തിന് സമീപം മദ്യപിച്ച് വഴിയിൽ മാർഗ്ഗ തടസം ഉണ്ടാക്കി നിൽക്കുകയായിരുന്ന സംഘം കാറിൽ പോവുകയായിരുന്ന ദമ്പതികളെ കാറിൽ നിന്ന് പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.
മർദനത്തിൽ ഭർത്താവ് ജിനോയ്ക്ക് സാരമായി പരിക്കേറ്റു. ഭാര്യയേയും കത്തി കാണിച്ച് ഭീഷണി പെടുത്തി മർദ്ദിച്ചു. തുടർന്ന് അമിത വേഗതയിൽ തിരിച്ചു പോയി. പോകുന്ന വഴി ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റ് അടച്ചിരിക്കുയായിരുന്നു. സംഘം വാച്ചറുടെ കഴുത്തിൽ കത്തിവച്ച് ഭീഷണി പെടുത്തി ചെക്ക്പോസ്റ്റ് ബാറിൻറെ കെട്ടഴിച്ച് വിടുവിച്ചു. അവിടെയുണ്ടായിരുന്ന രണ്ടു പേരെയും തള്ളിയിട്ട് വാഹനവുമായി കടന്നുകളഞ്ഞു. സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപികരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് രണ്ട് പ്രതികൾ കൂടി പിടിയിലാകുന്നത്.
നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർമാരായ കെ.ജി.ഋഷികേശൻ നായർ, നോബിൾ മാനുവൽ, എസ്.ഐമാരായ കെ.ആർ.ശരത്ചന്ദ്രകുമാർ, ഷാജു ഫിലിപ്പ്, രാജേഷ് എ.എസ്.ഐമാരായ എം.എം ബഷീർ, ഇബ്രാഹിം, മനാഫ്, സലിം എസ്.സി.പി.ഒ മാരായ കെ.എസ് ഷനിൽ, രജേഷ്, നിയാസുദീൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.