കവളങ്ങാട് : കവളങ്ങാട് മോഷ്ടാക്കൾ അർത്ഥരാത്രി അടുക്കള വാതിൽ തകർത്ത് വീട്ടമ്മയുടെ മൂന്ന് പവൻ സ്വർണ്ണമാല വലിച്ച് പൊട്ടിച്ചു കടന്നു കളഞ്ഞു. തൊട്ടടുത്ത വീട്ടിലും അടുക്കള വാതിൽ തകർത്ത് അകത്ത് കടന്ന് മോഷ്ടിക്കാൻ ശ്രമം നടന്നതായും പരാതി. ഒരു മാസം മുമ്പ് കവളങ്ങാട് ഓപ്പറക്കവലയിൽ തെങ്ങുംകുടിയിൽ വീട്ടിൽ ജോണിയുടെ ഇരുനില വീടിൻ്റെ വാതിൽ തകർത്ത് മോഷണശ്രമം നടന്നിരുന്നു .പ്രദേശത്ത് മോഷ്ടാക്കളുടെ അടിക്കടിയുള്ള മോഷണശ്രമം നാട്ടുകാർ ഭീതിയിലാണ്. വെളുപ്പിന് രണ്ട് മണിക്ക് കവളങ്ങാട് മുൻ ഗ്രാമ പഞ്ചായത്ത് അംഗം താഴത്തൂട്ട് (കീച്ചറയിൽ) ഏലിയാസിൻ്റെ വീട്ടിലെ അടുക്കള വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കളുടെ ശബ്ദം കേട്ട് ഏലിയാസിൻ്റെ ഭാര്യ എഴുന്നേറ്റു വരവെ രണ്ട് പേർ ചേർന്ന് കഴുത്തിൽ കിടന്ന മാല വലിച്ച് പൊട്ടിക്കുകയും ഒച്ചവച്ചപ്പോൾ മോഷ്ടാക്കൾ ഇരുളിൽ ഓടി മറയുകയുമായിരുന്നെന്ന് വീട്ടമ്മ ഊന്നുകൽ പോലീസിൽ നൽകിയിട്ടുള്ള മൊഴി.
തൊട്ടടുത്ത വീടായ പൂനാട്ട് സുനിലിൻ്റെ വീടിൻ്റെ അടുക്കള വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്ത് കടന്നെങ്കിലും മോഷ്ടാക്കളുടെ മോഷണശ്രമം പരാജയപ്പെടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഊന്നുകൽ പോലീസ് അന്വഷണം തുടങ്ങി.സംഭവ സ്ഥലത്ത് പോലീസ് നായയെ കൊണ്ടുവന്നെങ്കിലും വെളുപ്പിന് പെയ്ത മഴ ഉദ്യമത്തിന് തടസ്സമായി.തുടർന്ന് മുവാറ്റുപുഴ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ചിരുന്നു. മഴക്കാലമായതോടെ ഉറങ്ങുന്നതിന് മുൻപ് വാതിലുകൾ ഭദ്രമായി അടയ്ക്കുന്നതിനും പുറക് വശത്തും മുൻവശത്തും ലൈറ്റുകൾ ഇടണമെന്നും എന്തെങ്കിലും സംശയം തോന്നിയാൽ അടുത്തുള്ള സ്റ്റേഷനിൽ വിവരമറിയിക്കണമെന്നും പോലീസ് പറഞ്ഞു.