കോതമംഗലം: കവളങ്ങാട് ഗ്രാമ പഞ്ചായത്തിൽ ഒമ്പത് സീറ്റ് നേടി യു.ഡി.എഫും,എട്ട് സീറ്റ് നേടി എൽ.ഡി.എഫും നിൽക്കുമ്പോൾ പതിനൊന്നാം വാർഡ് നേര്യമംഗലം സൗത്തിൽ എല്ലാമുന്നണികളേയും പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാർഥി ജിൻസിയ ബിജുവിന് 91 വോട്ടിന്റെ അട്ടിമറി ജയം. സീറ്റ് വിഭജനത്തിൽ തുടക്കം മുതൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എം ആദ്യം പരിഗണിച്ചെങ്കിലും അവസാന നിമിഷം പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസം മൂലം ഒഴിവാക്കപ്പെടുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി 76 വോട്ടിന് വിജയിച്ച വാർഡ് നിലനിർത്താൻ ഇടതുമുന്നണി ശക്തമായ പ്രചാരണം നടത്തുകയും 100 വോട്ടുകൾക്ക് മേലെ എൽ.ഡി.എഫ് ജയിക്കുമെന്ന് കണക്കും കൂട്ടിയിരുന്നു. എന്നാൽ രണ്ട് ബൂത്തിലും വ്യക്തമായ ലീഡ് നേടി വാർഡിലെ ജനങ്ങൾ കക്ഷി രാഷ്ട്രീയത്തിനും മതത്തിനും എതിരായി ജിൻസിയയോടൊപ്പം അണിനിരക്കുകയായിരുന്നു.
കവളങ്ങാട് ഭരണം നിർത്താൻ ഇരു മുന്നണികൾക്കും ജിൻസിയയുടെ നിലപാട് നിർണ്ണായകമാണ്. അഞ്ച് സ്ഥാനാർഥികളാണ് വാർഡിൽ മത്സര രംഗത്തുണ്ടായിരുന്നത്. യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.വാർഡിലെ അടിസ്ഥാന വിഷയമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടികൾക്കും ,മറ്റ് ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകുമെന്നും എല്ലാവർക്കും തുല്യ പരിഗണന നൽകി മുന്നോട്ട് പോകുമെന്നും നിയുക്തമെമ്പർ ജിൻസിയ ബിജു അഭിപ്രായപ്പെട്ടു.