കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി,കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലേയും, കോതമംഗലം മുൻസിപ്പാലിറ്റിയിലേയും കുടിവെള്ള ക്ഷാമത്തിനും,വേനൽക്കാലത്ത് ഉണ്ടാകുന്ന കടുത്ത വരൾച്ചയ്ക്കും ശാശ്വത പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള ആവോലിച്ചാൽ വില്ലാഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമ സഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രസ്തുത പദ്ധതിയ്ക്കായി സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗങ്ങൾ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി നല്കിയിട്ടുള്ളത് എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രസ്തുത എസ്റ്റിമേറ്റുകളിൽ തുടർ നടപടികൾ വേഗത്തിലാക്കി പദ്ധതി വേഗത്തിൽ ആരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.
പദ്ധതിയുമായി ബന്ധപ്പെട്ട് പമ്പ് ഹൗസ് നിർമ്മാണം,പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തികൾ,ചെക് ഡാമിന്റെ പുനരുദ്ധാരണം തുടങ്ങിയ സിവിൽ പ്രവർത്തികൾക്കായി 3.86 കോടി രൂപയും,മോട്ടോർ പമ്പ് സെറ്റുകൾ സ്ഥാപിക്കുന്ന മെക്കാനിക്കൽ പ്രവർത്തികൾക്കായി 4.65 കോടി രൂപയും,ഇലക്ട്രിക്കൽ പ്രവർത്തികൾക്കായി 1.04 കോടി രൂപയും ഇവയുടെ ജി എസ് ടി യും ഉൾപ്പെടെ മൊത്തം 10.70 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും,പ്രസ്തുത ഡി പി ആർ ഭരണാനുമതിയ്ക്കായി ജലസേചനവും ഭരണവും ചീഫ് എൻജിനീയർ സർക്കാരിൽ സമർപ്പിച്ചിരുന്നുവെങ്കിലും പ്രസ്തുത പദ്ധതിയുടെ അടങ്കൽ തുക 10 കോടിക്ക് മുകളിൽ വരുന്നതിനാൽ സ്പെഷ്യൽ വർക്കിങ്ങ് ഗ്രൂപ്പിന്റെ അനുമതിയ്ക്കായി പ്രൊപ്പോസൽ പുന: സമർപ്പിക്കുവാൻ ജലസേചനവും ഭരണവും ചീഫ് എൻജിനീയർക്ക് നിർദ്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രസ്തുത പ്രൊപ്പോസൽ സ്പെഷ്യൽ വർക്കിങ്ങ് ഗ്രൂപ്പിന്റെ അനുമതിയ്ക്കായി ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി ആന്റണി ജോൺ എംഎൽഎയെ നിയമ സഭയിൽ അറിയിച്ചു.
