കവളങ്ങാട് : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തെ പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി ഒന്ന് മുതൽ 2021 ഏപ്രിൽ വിഷു വരെ 470 ദിവസം നീണ്ടു നിൽക്കുന്ന പ്രചരണപരിപാടിയായ “ജീവനി – നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിക്ക്” കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി.
എല്ലാ വീടുകളിലും ലഭ്യമായ സ്ഥലത്ത് പച്ചക്കറി, ദീർഘകാല വിളകളായ കറിവേപ്പില, പപ്പായ, മുരിങ്ങ, നെല്ലി തുടങ്ങീയവയുടെ കൃഷികൾ വ്യാപകമായി പോത്സാഹിപ്പിച്ചു കൊണ്ട് കർഷകരുടെ കൈവശമുള്ള നാടൻ വിത്തുകൾ കൈമാറുന്നതിനും, കീടനാശിനികളുടെ അമിത ഉപയോഗം ഒഴിവാക്കുകയും പോഷകസമൃദ്ധവും സുരക്ഷിതവുമായ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ച് ആരോഗ്യകരമായ ഭക്ഷണം ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ജേക്കബ് അദ്ധ്യക്ഷത വഹിച്ച പ്രചരണ ക്യാമ്പയിന്റ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബെന്നി നിർവ്വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ജഗദീഷ് എം.എൻ “ആരോഗ്യവും പച്ചക്കറികളും” എന്ന വിഷയത്തെ സംബന്ധിച്ച് ക്ലാസ്സുകൾ നയിച്ചു.ബ്ലോക്ക് മെമ്പർ റെയ്ച്ചൽ ബേബി, പഞ്ചായത്ത് അംഗങ്ങളായ വത്സ ജോൺ, ജോഷി കുര്യാക്കോസ്, ജാൻസി തോമസ്സ്, ലിസ്സി ജോയി, റീനാ എൽദോ, സൗമ്യ സനൽകുമാർ ,കൃഷി ഓഫീസർ ഉമാമഹേശ്വരി എം.ഡി, കൃഷി അസിസ്റ്റന്റുമാരായ വി.കെ.ജിൻസ്, വി.കെ.ദീപ എന്നിവർ സംസാരിച്ചു.
You must be logged in to post a comment Login