കോതമംഗലം: വേനൽ കടുക്കുകയും കിണറുകളിലെ വെള്ളം പറ്റുകയും ചെയ്തതോടെ കവളങ്ങാട് പഞ്ചായത്തി കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. കുട്ടമംഗലം ശുദ്ധജല പദ്ധതിയുടെ ഭാഗമായിട്ടുള്ള പെരിയാർ തീരത്തെ ആവോലിച്ചാൽ പമ്പ് ഹൗസിൽ നിന്നും പമ്പ് ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ കൂടി വെള്ളമായിരുന്നു ഏക ആശ്രയം. നെല്ലിമറ്റം, കുറുങ്കുളം, വാളാച്ചിറ ,കരിമരുംതംചാൽ, കണ്ണാടിക്കോട്, കോളനിപടി, ഉപ്പുകുളം, ഊന്നുകൽ, തലക്കോട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഉള്ള കുടിവെള്ള വിതരണം നിലച്ചിരുന്നു. ഇതിൽ പ്രതിക്ഷേധിച്ച് ജനതാദൾ (എൽ.ജെ.ഡി ) യുടെ നേതൃത്വത്തിൽ വീട്ടമ്മമാരുടെ നേതൃത്വത്തിൽ പൊതു ജലവിതരണ ടാപ്പിനു മുന്നിൽ അരി വറുത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പ്രതിഷേധം ശക്തമായതോടെ കവളങ്ങാട് പഞ്ചായത്ത് ഭരണസമിതി ടാങ്കറിൽ കുടിവെള്ള വിതരണം ആരംഭിക്കുകയായിരുന്നു. രണ്ട് ലോറികളിലായാണ് കുടിവെള്ള വിതരണം നടത്തുന്നതെന്നും മേൽഘടക ഭരണ സമിതി ഉദ്യോഗസ്ഥരുടെ അറിയിപ്പ് വൈകിയതിനാലാണ് കുടിവെള്ള വിതരണം താമസിച്ചതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗ്ഗീസ് പറഞ്ഞു.