പെരുമ്പാവൂർ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കാലടി കാഞ്ഞൂർ വടക്കുംഭാഗം വെട്ടിയാടൻ വീട്ടിൽ ആഷിക് (26) നെയാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നെടുമ്പാശ്ശേരി, അങ്കമാലി, പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. നെടുമ്പാശേരി എ.ടി.എസിന്‍റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിയാണ്. നായത്തോട് ബാറിൽ മാനേജരെ ദേഹോപദ്രവം ചെയ്ത് ടിവിയും, മേശകളും, കസേരകളും നശിപ്പിച്ചതിൽ ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതിന് ഇയാളുടെ പേരിൽ കേസുണ്ട്.
ജില്ല പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശാനുസരണം കാലടി പോലീസ് ഇൻസ്പെക്ടർ എൻ.എ.അനൂപിന്‍റെ നേതൃത്വത്തിൽ എസ്.ഐ ഹരീഷ്, സി പി ഒമാരായ മനോജ്, രജിത്ത് രാജൻ എന്നിവരാണ് കാലടിയിൽ നിന്നും ഇയാളെ പിടികൂടി കാപ്പ ചുമത്തി ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 74 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 51 പേരെ നാടുകടത്തി.