നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ കാലഘട്ടത്തില്‍ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്തിന് വേണ്ടി സ്വന്തമായി സ്ഥലം വാങ്ങി 2019 -20 സാംബത്തീക വര്‍ഷത്തില്‍ ഫണ്ടനുവദിച്ച് ശിലാസ്ഥാപനം നടത്തുകയും നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്ത കമ്യൂണിറ്റി ഹാളാണ് ഉപയോഗശൂന്യമായി കിടന്ന് നശിച്ചുകൊണ്ടിരിക്കുന്നത്. ഭിത്തികളില്‍ പായല്‍പിടിച്ചും ടൈല്‍സ് വിരിച്ച തറയില്‍ കരിയിലകളും ചപ്പുചവറുകളും അടിഞ്ഞ് കിടന്നും നായകള്‍ക്കും ഇഴജന്തുക്കള്‍ക്കും താവളമായും ഹാള്‍ മാറുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ പൊതുപണം ചെലവഴിച്ച് കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഉദ്ഘാടനം ചെയ്യുകയോ ജനങ്ങള്‍ക്ക് വേണ്ടി തുറന്ന് കൊടുക്കുകയോ ചെയ്യാതെ നശിപ്പിക്കുന്ന അധികൃതരുടെ അനാസ്ഥക്കെതിരെ പി.ഡി.പി.വാര്‍ഡ് കമ്മിറ്റി പ്രതിഷേധിച്ചു. വാര്‍ഡിലെ ജനങ്ങള്‍ക്ക് വേണ്ടി സേവനകേന്ദ്രമായും ഗ്രാമസഭാ യോഗങ്ങള്‍ നടത്താനും വനിതാശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ക്രിയാത്മകമായി ഹാള്‍ പ്രയോജനപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഷിയാസ് പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എന്‍.സലാഹുദ്ദീന്‍ , അലി തുരുത്തുമ്മേല്‍ , കെ.എം.സൈഫുദ്ദീന്‍ , സിറാജ് കരോട്ടക്കുടി, ഷിഹാബ് മൂശാരിമോളത്ത്, മുഹമ്മദ് മാമോളത്ത്, വി.എം.നൗഷാദ്, ഷാഫി വട്ടപ്പാറ, ഷറഫുദ്ദീന്‍ മലയില്‍ , എം.എ.അഹമ്മദ് കെബീര്‍, ടി.എ.സിയാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഹാളിന് മഹാത്മ അയ്യങ്കാളിയുടെ പേര് നല്‍കി ഉദ്ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിന് നിവേദനം കൊടുക്കാന്‍ യോഗം തീരുമാനിച്ചു.
