പെരുമ്പാവൂർ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കോടനാട്, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ കോടനാട് കുറിച്ചിലക്കോട് മയൂരപുരം ഭാഗത്ത് ജാതിക്കടവ് വീട്ടിൽ ജെറിൻ സാംസൺ (24) നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി ഐ ജി എ ശ്രീനിവാസ് ആണ് ഉത്തരവ് പുറപെടുവിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ മലയാറ്റൂരിൽ വച്ച് ജോയി എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാലടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി 52 പേരെ നാട് കടത്തി. 74 പേരെ ജയിലിൽ അടച്ചു .വരും ദിവസങ്ങളിൽ കൂടുതൽ കുറ്റവാളികൾക്കെതിരെ കാപ്പ ഉൾപ്പെടെ നിയമ നടപടി ഉണ്ടാകുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.
