മുവാറ്റുപുഴ : വ്യാജ RTPCR സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയതിന് അതിഥി തൊഴിലാളിയായ സജിത്ത് മൊണ്ഡൽ(30) നെ പോലീസ് പിടികൂടി. ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് സ്ഥാപനം നടത്തി വന്ന വെസ്റ്റ് ബംഗാളിലെ മൂർഷിടാബാദ് ജില്ലയിൽ ഇസ്ലാംപൂർ സ്വദേശിയായ ഇയാളെ തന്ത്രപരമായ നീക്കത്തിലൂടെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. മൂവാറ്റുപുഴ കീച്ചേരിപടിയിൽ ഉള്ള ഇയാളുടെ സ്വന്തം സ്ഥാപനത്തിൽ നഗരത്തിലെ സ്വകാര്യ ലാബിന്റെയും ഹോസ്പിറ്റലിന്റെയും പേരിൽ വ്യാജ RTPCR സർട്ടിഫിക്കറ്റ് ഉണ്ടാക്കി അന്യ സംസ്ഥാന തൊഴിലാളികൾക്ക് നൽകിവരികയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
പ്രതിയുടെ പക്കൽനിന്നും പണ മിടപാട് രേഖകളും നിരവധി ആധാർ കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽ അന്വേഷണം നടത്തി വരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു’ മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘത്തിൽ എസ്ഐ മാരായ ശശികുമാർ വി കെ, ഷക്കീർ എംഎ, എ.എസ്.ഐ ജോജി പി.എസ്, സീനിയർ സിപിഒ അഗസ്റ്റിൻ ജോസഫ്, സിപിഒമാരായ സനൂപ് പി.കെ, ബിബിൽ മോഹൻ, കുമാർ വിപി, ജിൻസ് കുര്യാക്കോസ് എന്നിവർ ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി കാർത്തിക് പറഞ്ഞു.