നെടുമ്പാശ്ശേരി: ഫ്രാൻസിലേക്ക് കടക്കുന്നതിന് വ്യാജ രേഖകൾ തയാറാക്കി നൽകിയ കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം കഠിനംകുളം അർത്തിയിൽ പുരയിടത്തിൽ മുത്തപ്പൻ (35) നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തൃശൂർ ചുവന്ന മണ്ണ് സ്വദേശി റിജോ എന്നയാൾക്കാണ് വ്യാജ രേഖകൾ തയ്യാറാക്കി നൽകിയത്. ഫ്രാൻസിൽ നടക്കുന്ന ബിസിനസ്സ് മീറ്റിൽ പങ്കെടുന്നതിനാണെന്നു പറഞ്ഞാണ് റിജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇയാൾ ഹാജരാക്കിയ യാത്രാരേഖകൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ അധികൃതർ പോലീസിന് കൈമാറുകയായിരുന്നു.
പോലിസിന്‍റെ പരിശോധനയിൽ കമ്പനിയുടെ പ്രതിനിധിയെന്ന പേരിൽ ഹാജരാക്കിയ ഔദ്യോഗിക ലെറ്ററും മറ്റും വ്യാജമാണെന്ന് തെളിഞ്ഞു. നാലര ലക്ഷം രൂപയ്ക്ക് രേഖകൾ ഇയാൾക്ക് കൈമാറിയത് മുത്തപ്പനാണ്. മുത്തപ്പന് രേഖകൾ നിർമ്മിച്ച് നൽകിയത് ചെന്നൈ സ്വദേശിയാണെന്നാണ് പോലീസിനോട് പറഞ്ഞിട്ടുള്ളത്. നെടുമ്പാശ്ശേരി ഇൻസ്പെക്ടർ പി.എം. ബൈജു, സബ് ഇൻസ്പെക്ടർ അനീഷ്.കെ.ദാസ്, എ എസ് ഐ പ്രമോദ്, എസ്.സി.പി.ഒ മാരായ അജിത് കുമാർ, സജിമോൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും, കൂടുതൽ പേർ പിടിയിലാകുമെന്നും എസ്.പി കെ. കാർത്തിക് പറഞ്ഞു.