കോതമംഗലം :കൊൽക്കത്ത കിഷോർ ഭാരതി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത് മണിപ്പൂരിലെ ട്രാവു എഫ്.സിയെ കീഴടക്കി കേരളത്തിന്റെ സ്വന്തം ഗോകുലം എഫ്.സി, ഐ.ലീഗ് കിരീടത്തില്‍ മുത്തമിട്ടപ്പോൾ അത് കോതമംഗലം എം. എ. കോളേജിനും ഇരട്ടി മധുരമുള്ളതായി. ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ ഈ ചരിത്ര വിജയം. 4 ഗോളുകളിൽ ഓരോ ഗോളുകൾ വീതം അടിച്ച മലയാളി താരങ്ങളായ എമിൽ ബെന്നിയും, മുഹമ്മദ് റാഷിദും എം. എ. കോളേജ് വിദ്യാർത്ഥികളാണ്. ശനിയാഴ്ചത്തെ കളിയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു ഹീറോ ഓഫ് ദി മാച്ച് ആയി മാറിയ എമിൽ ബെന്നി കോതമംഗലം എം. എ. കോളേജിലെ അവസാന വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയാണ്.മുഹമ്മദ് റാഷിദ് ആകട്ടെ 2014ൽ എം.എ. കോളേജിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ താരവും ആണ്. ഗോകുലത്തിന്റെ മറ്റൊരു താരമായ അലക്സ് സജി 2020ൽ പഠനം കഴിഞ്ഞിറങ്ങിയ താരവും. മൂവരും വയനാട് ജില്ലക്കാരാണെന്നുള്ള പ്രത്യകതകൂടിയുണ്ട്. ഗോകുലം ടീം സ്ഥാപിതമായി നാലാം വർഷമാണ് ഈ ഗോൾഡൻ വിജയം. ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു ടീം ഐ ലീഗ് കിരീടം ചൂടുന്നത് തന്നെ .
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തുടര്‍ച്ചയായി നാലുഗോളുകളടിച്ച് കരുത്തുകാണിച്ചാണ് ഗോകുലം ഐ.ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. ഈ നേട്ടത്തോടെ ഏഷ്യൻ ക്ലബ് ചാമ്പ്യൻ ഷിപ്പായ എ.എഫ്.സി കപ്പിന് ടീം യോഗ്യത നേടി. 2019 ൽ ഡ്യൂറന്റ് കപ്പില്‍ ഗോകുലം കിരീടം നേടിയിരുന്നു. പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം കേരള എഫ് സി ക്ക് ദേശീയ ഫുട്‍ബോളിലെ മൂന്നാം കിരീട നേട്ടമാണിത്. 2020ൽ ദേശീയ വനിതാ ലീഗും ഗോകുലം നേടിയിരുന്നു.