കോതമംഗലം :ഇടമലയാർ ഹൈഡൽ ടൂറിസം ;വനം വകുപ്പ് തടസ്സവാദം ഉന്നയിച്ചതിനാൽ പദ്ധതിയുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല എന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച് ആൻറണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇടമലയാർ ഡാമിനോട് അനുബന്ധിച്ച് ഹൈഡൽ ടൂറിസം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമികമായി ബട്ടർഫ്ലൈ പാർക്ക് ഗാർഡനിങ്ങ്, എന്നിവ ആരംഭിക്കുന്ന കാര്യം പരിഗണിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും നാളിതു വരെയായി ഇതുമായി ബന്ധപ്പെട്ട ഒരു നടപടിയും ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല എന്ന കാര്യം MLA സഭയുടെ ശ്രദ്ധയിൽ പെടുത്തി. പദ്ധതി നടപ്പിലാക്കുന്നതിന് മുൻ കൈ എടുക്കാൻ ഇടമലയാർ സർവീസ് സഹരണ ബാങ്ക് രേഖാമൂലം താല്പര്യമറിയിച്ചിട്ടുള്ളത് MLA ശ്രദ്ധയിൽ പെടുത്തി. കോതമംഗലം മണ്ഡലത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഭൂതത്താൻകെട്ട്, തട്ടേക്കാട് അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന സ്വദേശീയരും വിദേശീയരുമായ വിനോദ സഞ്ചാരികൾക്ക് പ്രയോജനം ലഭിക്കത്തക്കവിധം ഇടമലയാർ ഡാമിൽ ഹൈഡൽ ടൂറിസം പദ്ധതി വേഗത്തിൽ ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്നും MLA നിയമസഭയിൽ ആവശ്യപ്പെട്ടു.
ഇടമലയാർ റിസർവോയർ വനമേഖലയ്ക്ക് ഉള്ളിലാണെന്ന് കാരണം കാണിച്ച് വനം വകുപ്പ് തടസ്സവാദം ഉന്നയിച്ചതിനാൽ ഹൈഡൽ ടൂറിസവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല. ഹൈഡൽ ടൂറിസവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ വനം വകുപ്പുമായി പരിശോധിക്കുമെന്നും മന്ത്രി കെ.കൃഷ്ണൻ കുട്ടി ആന്റണി ജോൺ MLA യെ നിയമസഭയിൽ അറിയിച്ചു.