കോതമംഗലം : കനത്ത മഴയെത്തുടർന്ന് ഇടമലയാർ വൈശാലി മേഖലയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് മൂന്നിടത്തായി ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്.വടാട്ടുപാറ പൊങ്ങിൻചുവട് റോഡിൽ ഇടമലയാർ ഡാമിന് സമീപവും വൈശാലി റോഡിലും വൈശാലി ഗുഹയ്ക്ക് സമീപവുമാണ് മണ്ണിടിച്ചിലുണ്ടായത്.വൈശാലി ഹെയർപിൻ റോഡിൽ ഉണ്ടായ കനത്ത ഉരുൾ പൊട്ടലിൽ മണ്ണും മരങ്ങളും റോഡിൽ നാലിടത്തായി വീണ് ഗതാഗതം പൂർണമായും നിശ്ചലമായിരുന്നു. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.പൊങ്ങിൻചുവട്,താളുംകണ്ടം ഗിരിവർഗ്ഗ ഊരുകൾ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.
കഴിഞ്ഞ വർഷം മണ്ണിടിച്ചിൽ ഉണ്ടായതിന് സമീപത്ത് തന്നെയാണ് ഇത്തവണ മണ്ണിടിഞ്ഞത്.പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ല.മണ്ണിടിച്ചിൽ മേഖലയായി മാറിയിട്ടുള്ള പ്രദേശം പരിശോധിക്കാൻ ജിയോളജി വകുപ്പിന് നിർദേശം നൽകിയതായി എം എൽ എ പറഞ്ഞു. സ്ഥലത്തെത്തിയ എം എൽ എ ഊരുമൂപ്പൻ ശേഖരൻ,താളുംകണ്ടം നിവാസികളായ കോതകണ്ടൻ,കരുണാകരൻ രാമൻ എന്നിവരോട് സ്ഥിതിഗതികൾ നേരിട്ട് ചോദിച്ചറിഞ്ഞു.
ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രമോദ് കുമാർ ടി പി,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ദിൽഷാദ് എം,അനിൽകുമാർ സി എ എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.മരങ്ങൾ മുറിച്ചു മാറ്റിയും മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തും ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിച്ച് വരുന്നതായും നാളെ വൈകുന്നേരത്തോടു കൂടി ഗതാഗതം പുനസ്ഥാപിക്കുമെന്നും എം എൽ എ അറിയിച്ചു.