കോതമംഗലം: മ്ലാവിനെ വേട്ടയാടി ഇറച്ചി വിൽപ്പന പ്രതികൾക്ക് നാല് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.
ഭുതത്താൻകെട്ട് റിസർവ്വ് വനത്തിനുള്ളിൽ നിന്നും മ്ലാവിനെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയ കേസിൽ ഒന്നാം പ്രതി പിണ്ടിമന മാലിക്കുടി റെജി (56), രണ്ടാം പ്രതി വണ്ണപ്പുറം വെള്ളിയാങ്കൽ മനു വിജയൻ (32) എന്നിവർക്കാണ് നാല് വർഷം കഠിനതടവും 15000 രൂപ വീതം പിഴയും കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ഇ.എൻ. ഹരിദാസൻ വിധിച്ചത്.
2010 മെയ്15 നാണ് പ്രതികൾ ലൈസൻസ് ഇല്ലാത്ത രണ്ട് തോക്കുകളുമായി വനത്തിൽ അതിക്രമിച്ച് കടന്ന് രണ്ട് വയസ് പ്രായമുളള പെൺ മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചി ശേഖരിച്ചത്. മ്ലാവിനെ വേട്ടയാടി മാംസം വിൽപ്പന നടത്തിയതിന് വന്യജീവി (സംരക്ഷണ) നിയമം 1972 സെക്ഷൻ 51 പ്രകാരം മൂന്ന് വർഷം കഠിനതടവും 10000/- രൂപ വീതം പിഴയും, റിസർവ്വ് വനത്തിൽ അതിക്രമിച്ച് കയറിയതിന് ഒരു വർഷം കഠിനതടവും 5000 രൂപ വീതം പിഴയും ശിക്ഷവിധിച്ചത്.കേസിലെ മറ്റ് പ്രതികളായ പരുത്തിയിൽ ബേബി, എൽകാലയിൽ അഗസ്റ്റി, കൊച്ചുതോട്ടം മാണി എന്നിവർ വിചാരണയ്ക്കിടയിൽ മരണപ്പെട്ടിരുന്നു. പ്രതികളിൽ നിന്ന് ഇറച്ചി വാങ്ങിയ അഞ്ചാം പ്രതി പിണ്ടിമന കൊച്ചുതോട്ടം വീട്ടിൽ ആശ എൽദോസിനെ മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി ശിക്ഷയിൽ നിന്നും ഒഴിവാക്കി.ഒന്ന് മുതൽ നാല് വരെ പ്രതികൾ മ്ലാവിനെ കൊന്ന് ശേഖരിച്ച മാംസം, ഒന്നാം പ്രതിയുടെ വീട്ടിലെത്തിച്ച് വിൽപ്പന നടത്തി വരവേ തുണ്ടത്തിൽ റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസറായി രുന്ന ബി. രാഹുലിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മ്ലാവിന്റെ ഇറച്ചി പിടി കൂടുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റൻ്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ ബെൽജി തോമസ് ഹാജരായി.
