കോതമംഗലം: ശക്തമായ കാറ്റിലും,മഴയിലും നാശനഷ്ടം സംഭവിച്ച വീടുകൾ ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. കോട്ടപ്പടി വില്ലേജിൽ മരം വീണ് തോളേലി,അയിരൂർപ്പാടം, പ്ലാമുടി ഭാഗങ്ങളിൽ 9 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കുഞ്ഞുമോൻ നെടുമറ്റം, വർഗീസ് കൈതമനതറയിൽ, ബിജു യോയാക്കി ആറ്റുപുറം,
കുര്യാക്കോസ് ആറ്റുപുറം, വർഗീസ് പുളാട്ട്,മത്തായി മാലിക്കുടി,കുമാരൻ കുളപ്പുറത്ത്,ചിന്നു മത്തായി കൂത്താട്ടിൽ, വടാശ്ശേരി കരയിൽ ഷാജി മഞ്ഞിനിക്കുടി തുടങ്ങിയവരുടെ വീടുകൾക്കും, കുട്ടമംഗലം വില്ലേജിൽ ഊന്നുകൽ ചൂരക്കുഴി വീട്ടിൽ ചിന്നമ്മ എന്നയാളുടെ വീട് ഉൾപ്പെടെ 10 വീടുകൾക്കാണ് നാശ നഷ്ടമുണ്ടായത്.
എംഎൽഎയോടൊപ്പം ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ അമൃത വല്ലിയമ്മാൾ, തഹസിൽദാർ റേച്ചൽ കെ വർഗീസ്,എൽ ആർ തഹസിൽദാർ സുനിൽ മാത്യു എന്നിവർ താലൂക്കിൻ്റെ വിവിധ മേഖലകൾ സന്ദർശിച്ചു. വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾ വേഗത്തിൽ തിട്ടപ്പെടുത്തി അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.