കോതമംഗലം : പകുതി വിലക്ക് സ്കൂട്ടറും ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും ലഭിക്കുമെന്ന് പരസ്യം കണ്ട് പണമടച്ച കോതമംഗലത്തുള്ള നിരവധിപേരും ആശങ്കയിൽ. ആദ്യം പകുതി പണമടച്ച് പദ്ധതിയിൽ അംഗമായ ശേഷം കുറച്ചു മാസങ്ങൾക്കുള്ളിൽ സാധനങ്ങൾ നൽകുമെന്നാണ് ഏജൻസികൾ പറയുന്നത്. പണമടച്ച കുറച്ച് പേർക്ക് സ്കൂട്ടർ ഉൾപ്പെടെയുള്ള സാധനങ്ങൾ നൽകുകയും ചെയ്തു.
മാസങ്ങളോളം പണം അടച്ച് നോക്കിയിരുന്നിട്ടും സാധങ്ങൾ ലഭിക്കാതെ വന്നതോടെ പദ്ധതി നടത്തിപ്പിലെ ചില ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മുവാറ്റുപുഴ സ്വദേശി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. കോടികളുടെ പണമിടപാടുകൾ കണ്ടെത്തുകയും പോലീസ് ആക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തതായി ചില അച്ചടി മാധ്യമങ്ങൾ വാർത്ത ചെയ്തതോടുകൂടിയാണ് ഗുണഭോക്തക്കൾ ആശങ്കയിലായത്.
കേരളത്തിൽ നിലവിൽ ഇതുവരെ 2076 സന്നദ്ധ സംഘടനകളാണ് നാഷണൽ എൻ.ജി.ഒ കോൺഫഡറേഷൻ്റെ ഭാഗമായി പ്രവർത്തിക്കുന്നത് എന്നും, 170 ഇമ്പ്ലിമെൻറിംഗ് ഏജൻസികളിലൂടെ ഈ പദ്ധതികൾ നടപ്പിലാക്കുന്നു എന്നും, ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കളിലേക്ക് പദ്ധതിയുടെ സേവനവും ആനുകൂല്യങ്ങളും എത്തിക്കുവാൻ ഇതിനോടകം സാധിച്ചിട്ടുണ്ട് എന്നും, കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് ഇനിഷ്യേറ്റീവ് പ്രോജക്ടിൻ്റെ ഭാഗമായി വിവിധ പദ്ധതികളിൽ ഗുണഭോക്തൃ വിഹിതം ഉൾപ്പെടെ അടച്ചു അപേക്ഷിച്ചവർക്കുള്ള സേവനങ്ങളും ആനുകൂല്യങ്ങളും കൊടുത്തു തീർക്കുവാൻ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷനും ആയതിൻ്റെ പ്രോജക്ട് കൺസൾട്ടിംഗ് ഏജൻസികളും പ്രതിജ്ഞാബദ്ധമാണ് എന്നും ഏജൻസി ഭാരവാഹികൾ അറിയിച്ചു.