കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം സാധനങ്ങൾ അടങ്ങിയ സൗജന്യ കിറ്റുകളുടെ പാക്കിങ്ങിന് മാതൃക പ്രവർത്തനവുമായി കോതമംഗലം ചെറിയപള്ളി ശ്രദ്ധയാകർഷിക്കുകയാണ്. പള്ളിയിലെ വൈദികരായ ബിജു അരീക്കൻ,ബേസിൽ കൊറ്റിക്കൻ,യൂത്ത് അസോസിയേഷൻ പ്രവർത്തകരായ എബിൻ തോമസ് കട്ടക്കനാൽ,ഏബിൾ പോൾ മാത്യു, ട്രസ്റ്റി ബിനോയ് മണ്ണഞ്ചേരി,മഹിളാ സമാജം പ്രവർത്തകരായ ബീന മാലി,ഷീല ചുണ്ടാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ കഴിഞ്ഞ 5 ദിവസത്തോളമായി ചെറിയപള്ളി മാർ ബേസിൽ കൺവെൻഷൺ സെൻ്ററിൽ പാക്കിങ്ങ് പ്രവർത്തികൾ നടന്നു വരികയാണ്.
കോതമംഗലം മുൻസിപ്പാലിറ്റിയിലെ 18 റേഷൻ കടകളിലേക്കായുള്ള പതിനോരായിരത്തോളം കാർഡുടമകൾക്കായുള്ള ഭക്ഷ്യധാന്യ കിറ്റിൻ്റെ പാക്കിങ്ങ് പ്രവർത്തനമാണ് സപ്ലൈകോ ജീവനക്കാരുടെ മേൽനോട്ടത്തിൽ ഇവിടെ നടന്നു വരുന്നത്.മാതൃകപരമായ പ്രവർത്തനമാണ് ഇവിടെ നടക്കുന്നതെന്ന് ഇവിടം സന്ദർശിച്ച ആന്റണി ജോൺ എംഎൽഎ പറഞ്ഞു.