കോതമംഗലം:വന്യമൃഗ ശല്യത്താലും പ്രകൃതിക്ഷോഭത്താലും കൃഷികളെല്ലാം നശിച്ച് കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കർഷകദിനം “കണ്ണീർ ദിനമായി” ആചരിക്കുവാൻ കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖല നേതൃ സംഗമം തീരുമാനിച്ചു.
വിവിധ മേഖലകളിൽ മികവ് പുലർത്തിയ കർഷകരെയും, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയും കോ-ഓർഡിനേഷൻ സ്വന്തം നിലയിൽ ആദരിക്കുവാനും തീരുമാനിച്ചു. വന്യമൃഗ ശല്യം, പ്രകൃതിക്ഷോഭം, കർഷക പെൻഷൻ, റബർ സബ്സിഡി, യുവാക്കളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ എന്നീ ഇനങ്ങളിൽ കോതമംഗലം, മൂവാറ്റുപുഴ , പെരുമ്പാവൂർ, അങ്കമാലി തുടങ്ങിയ കിഴക്കൻ മേഖലകളിൽ മാത്രം 25 കോടി രൂപയുടെ കുടിശ്ശികയാണ് സർക്കാർ നൽകുവാനുള്ളത്. കോതമംഗലം നിയോജക മണ്ഡലത്തിൽ 10 കോടിയോളം രൂപ ലഭിക്കുവാനുണ്ട് . ഈ കുടിശ്ശിക തുക മുഴുവനായും ഓണത്തിനു മുൻപ് കർഷകരുടെ കൈകളിൽ എത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
നേതൃസംഗമം യുഡിഎഫ് ജില്ലാ കൺവീനറും, കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാനുമായ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ജെയിംസ് കോറേമ്പേൽ അധ്യക്ഷത വഹിച്ചു. കർഷ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പിസി ജോർജ് , കർഷക യൂണിയൻ സംസ്ഥാന ഭാരവാഹികളായ ജോണി പുളിന്തടം, ആന്റണി ഓലിയപ്പുറം , സ്വതന്ത്ര കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് എം എം അബ്ദുൽ റഹ്മാൻ, വിവിധ കർഷക സംഘടന നേതാക്കളായ എംഎം അഷറഫ്, പി.എം സിദ്ധിഖ് , എംസി അയ്യപ്പൻ, സജി തെക്കേക്കര, പി പി മത്തായി , ആന്റണി കോട്ടപ്പടി, രാജൻ ടി തോമസ്, പി എം സുഗതൻ, പി.എം ഹസ്സൻ , ഷംസുദീൻ മക്കാർ, എം പി എസ്തപ്പാനോസ്, ബേബി മൂലയിൽ എന്നിവർ പ്രസംഗിച്ചു.
