കോതമംഗലം: കൂട്ടായ്മയുടെ കരുത്തിൽ നൂറുമേനി വിളഞ്ഞ ഏത്തവാഴ തോട്ടത്തിൽ വിളവെടുപ്പ് ഉൽസവം തുടങ്ങി. എൻ്റെനാട് കർഷക കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ചേലാട് കള്ളാട് ഭാഗത്ത് 4 ഏക്കർ ഭൂമിയിൽ 3000 വാഴകളാണ് വെച്ചത്. വിളവെടുപ്പ്, എൻ്റെനാട് ജനകീയ കൂട്ടായ്മയുടെ ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ലഭ്യമായ സ്ഥലത്ത് കൃഷി ചെയ്യാൻ യുവാക്കൾ തയാറായി വന്നാൽ വിത്തും വളവും സാങ്കേതിക സഹായവും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓണത്തിന് സംശുദ്ധമായ നാടൻ വിഭവങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കർഷക കൂട്ടം തരിശ് ഭൂമിയിൽ കൃഷിയിറക്കിയിറക്കിയത്. കാറ്റ് വീഴ്ച ചെറിയ തോതിൽ നാശം വിതച്ചങ്കിലും മികച്ച വിളവാണ് ലഭിച്ചതെന്ന് കർഷകർ പറഞ്ഞു. വഴകൃഷിക്ക് വനാതിർത്തി കാറ്റും കാട്ടാനയുമാണ് വില്ലനെങ്കിൽ നഗരപ്രാന്ത പ്രദേശത്ത് തത്തക്കൂട്ടമാണ് കർഷകർക്ക് ഭീഷണി. കൂട്ടത്തോടെ പറന്നെത്തുന്ന തത്തകൾ വിളവ് ഭക്ഷണമാക്കുകയാണ്. കുലച്ച വാഴ കുലകൾ ഗ്രീൻ നെറ്റ് ഉപയോഗിച്ച് പൊതിഞ്ഞാണ് തത്ത കൂട്ടത്തിൽ നിന്നു സംരക്ഷിക്കുന്നത്.
കൗൺസിലർ ലിസി പോൾ, ജോസ് ജോർജ്, എൽദോ ചാക്കോ,ബേബി തുടുമ്മേൽ എന്നിവർ വിളവെടുപ്പിനു നേതൃത്വം നൽകി.