കോതമംഗലം: താലൂക്കിലെ ഏക സര്‍ക്കാര്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ ആയ ചെറുവട്ടൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികള്‍ക്ക് ദുരിതമാകുന്നതായി പരാതി. ജില്ലയിലും താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിനേന നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. കിടത്തി ചികിത്സാ സൗകര്യമുള്ള മൂന്ന് ഡോക്ടര്‍മാരും നഴ്സിംഗ് ജീവനക്കാരും തെറാപ്പിസ്റ്റുകളുമുള്ള ആശുപത്രിയില്‍ രാത്രി കാലങ്ങളില്‍ രോഗീ പരിചരണത്തിനായി ഒരു നഴ്സിംഗ് സ്റ്റാഫാണുള്ളത്. പല ദിവസങ്ങളിലും രാത്രി കാലങ്ങളില്‍ നഴ്സിംഗ് സ്റ്റാഫ് ഉണ്ടാകാറില്ലെന്ന പരാതി നിലവിലുണ്ട്. കഴിഞ്ഞ ദിവസം രാത്രി കിടത്തി ചികിത്സയിലുള്ള മലയാറ്റൂര്‍ സ്വദേശിയായ ഒരു രോഗിക്ക് ശ്വാസതടസ്സമുണ്ടാവുകയും ജീവനക്കാരുടെ അഭാവത്തില്‍ വാര്‍ഡിലുള്ള മറ്റ് രോഗികള്‍ ചേര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാത്രി ഒന്നരയോടെ ശ്വാസ തടസ്സം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഒരു വാഹനം പോലും ലഭ്യമാകാതെ കാത്ത് നിന്ന് ഏറെ വൈകി കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. മുന്‍പും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി പരാതിയുണ്ട് .
മികച്ച ഡോക്ടര്‍മാരുടെ സേവനവും നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസവും ലഭിക്കുന്ന ഒരു പൊതു ആരോഗ്യകേന്ദ്രത്തിന്റെ സല്‍പേര് കളങ്കപ്പെടാതിരിക്കാന്‍ ന്യൂനതകളും പോരായ്മകളുമെല്ലാം പ്രദേശവാസികളും ചികിത്സ തേടിയെത്തുന്നവരും പരസ്യപ്പെടുത്താതിരിക്കുയായിരുന്നു.
ജീവനക്കാരുടെ അനാസ്ഥക്കെതിരെയും രോഗിക്കുണ്ടായ ദുരിതത്തില്‍ കുറ്റക്കാര്‍ക്കെതിരെയും നടപടിയുണ്ടാകണമെന്ന് പി.ഡി.പി. ചെറുവട്ടൂര്‍ ഡിവിഷന്‍ കമ്മിറ്റി നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.