കോതമംഗലം: കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന കാലഘട്ടത്തിൽ പോലും അധ്യാപകർക്ക് നൂറ് കിലോമീറ്ററിലധികം ദൂരെ ഡ്യൂട്ടി ഇട്ട് അധ്യാപകരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കെ പി എസ് ടി എ ജില്ലാ കമ്മറ്റി പ്രസ്താവിച്ചു. കോതമംഗലത്ത് നിന്നുള്ള അധ്യാപകർക്ക് കൊച്ചിൻ കോളേജിൽ ഏപ്രിൽ 5 ന് റിപ്പോർട്ട് ചെയ്ത് വൈപ്പിൻ മണ്ഡലത്തിൽ ഡ്യൂട്ടി ചെയ്യണം. ഇലക്ഷൻ നടപടിക്രമം പൂർത്തിയാക്കി തിരിച്ച് കൊച്ചിൻ കോളേജിലെത്തി റിപ്പോർട്ട് ചെയ്ത് വേണം മടങ്ങാൻ. തൊട്ടടുത്തുള്ള പല മണ്ഡലങ്ങളേയും ഒഴിവാക്കിയാണ് തീർത്തും അസൂത്രണമില്ലാത്ത നടപടി ഇതു മൂലം സ്ത്രീകൾ അടക്കമുള്ള അധ്യാപകരെ ദ്രോഹിക്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്. ചില ഉദ്യോഗസ്ഥരുടെ ധിക്കാരം നിറഞ്ഞ മറുപടികളും ഡ്യൂട്ടി ചെയ്യാൻ തയ്യാറായവരെ അപമാനപ്പെടുത്തുകയാണ്.
ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ നടത്തപ്പെടുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ ഏകാധിപത്യ നടപടിക്രമം കൊണ്ടും ആസൂത്രണമില്ലായ്മ കൊണ്ടും അരോചകമാക്കാതെ ഡ്യൂട്ടി ചെയ്യാൻ തയ്യാറായ ആളുകൾക്ക് സൗകര്യങ്ങൾ ഒരുക്കി തെരഞ്ഞെടുപ്രക്രിയ പൂർത്തിയാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.