കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും വിദൂരത്തുള്ള ആദിവാസി ഉന്നതിയായ ഉറിയം പെട്ടി ആദിവാസി ഉന്നതിയിലും തിരഞ്ഞെടുപ്പ് പ്രചരണം സജീവം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാലിൽ നിന്നും ജീപ്പിൽ വനത്തിലൂടെ നാലു മണിക്കൂറിലേറെ യാത്ര ചെയ്താലാണ് ഉറിയം പെട്ടി ഉന്നതിയിൽ എത്തിച്ചേരാൻ സാധിക്കുന്നത്.
കുട്ടമ്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡായ മണികണ്ഠൻ ചാൽ വാർഡിൽ ഉൾപ്പെടുന്നതാണ് ഉറിയം പെട്ടി ഉന്നതി. 160 വോട്ടർമാരാണ് ഉന്നതിയിൽ ഉള്ളത്.
ഉന്നതിയിലെ അങ്കണവാടിയാണ് ഇവിടത്തെ പോളിംഗ് സ്റ്റേഷൻ.എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഉറിയം പെട്ടി ഉന്നതിയിൽ ഊരുകൂട്ടം സംഘടിപ്പിച്ചു. ഊരുകൂട്ടം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പൻ വയന്ദൻ അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് എൽ ഡി എഫ് കൺവീനർ കെ കെ ശിവൻ,കാണിക്കാരൻ രാമൻ എന്നിവർ സംസാരിച്ചു.വാർഡ് സ്ഥാനാർത്ഥി നിസാർ എം ബി,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ശാന്തമ്മ പയസ്,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി എയ്ഞ്ചൽ മേരി ജോബി എന്നിവർ വോട്ട് അഭ്യർത്ഥിച്ച് സംസാരിച്ചു.






















































