പെരുമ്പാവൂർ : സെക്കണ്ടറി, ഹയർസെക്കണ്ടറി, ബോർഡ്, യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർഥികളെയും മറ്റു മേഖലകളിലെ മത്സരങ്ങളിൽ വിജയം കൈവരിച്ച പ്രതിഭകൾക്കും എം.എൽ.എ അവാർഡ് നൽകി ആദരിക്കും. തുടർച്ചയായി അഞ്ചാം വർഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നി കേന്ദ്ര സിലബസുകളിലും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും യൂണിവേഴ്‌സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും അനുമോദിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും ഈ ചടങ്ങിൽ വെച്ച് അനുമോദിക്കും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പഞ്ചായത്ത് തലങ്ങളിൽ ആണ് ഈ വർഷം ചടങ്ങുകൾ സംഘടിപ്പിച്ചു അവാർഡുകൾ സമ്മാനിക്കുന്നത്.
പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട സ്‌കൂളുകളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർഥികളുടെ പട്ടിക അതാത് വിദ്യാലയങ്ങളിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെ നിയോജകമണ്ഡലത്തിലെ താമസക്കാരും എന്നാൽ പെരുമ്പാവൂർ നിയോജകമണ്ഡലത്തിനു പുറത്തുള്ള സ്‌കൂളുകളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളും മണ്ഡലത്തിൽ ഉൾപ്പെട്ട യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളും മറ്റു മേഖലകളിലെ മത്സരങ്ങളിൽ വിജയം നേടിയ വ്യക്തികളും അപേക്ഷിച്ചാൽ മതിയാകും. അപേക്ഷകൾ ആഗസ്റ്റ് നാലിന് മുൻപായി പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള എം.എൽ.എ ഓഫിസിൽ നേരിട്ടോ ഇ – മെയിൽ വഴിയോ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾ 9847 55 55 39 എന്ന ഫോൺ നമ്പറിൽ ലഭ്യമാകും.