കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിതാവ്. കുടുംബത്തിൽ നല്ല വിദ്യാഭ്യാസമുള്ള മക്കൾ ഉണ്ടെങ്കിൽ ആ കുടുംബം സാമൂഹ്യമായും സാമ്പത്തിക മായും ഉയർച്ച പ്രാപിക്കും എന്നും അതു വഴി നാട് വികസിക്കുമെന്നും പിതാവ് കൂട്ടിചേർത്തു.
പ്രെഫഷണൽ കോഴ്സ് പഠിക്കുന്ന സാമ്പത്തിക മായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് പലിശ രഹിത വായ്പയായി വിദ്യാഭ്യാസസഹായം നൽകുന്ന പദ്ധതിയാണ് ജീവ എഡ്യുക്കേഷൻ പദ്ധതി. അഭ്യുദയകാംക്ഷികളിൽനിന്നും ഫണ്ട് സമാഹരിച്ചാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ആദ്യഗഡു അഞ്ചുലക്ഷം രൂപ ബിജു സോമി പിട്ടാപ്പിള്ളിൽ പിതാവിന് കൈമാറി. രൂപതയിലെ സ്വയം സഹായ സംഘങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മക്കൾക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക .വികാരി ജനറാൾ മോൺസിഞ്ഞോർ പയസ് മലേക്കണ്ടത്തിൽ അധ്യക്ഷതവഹിച്ചു. KSSS ഡയറക്ടർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ , അസ്സി . ഡയറക്ടർ ഫാ. പൗലോസ് നെടുംതടത്തിൽ,. ക്രെഡിറ്റ് യൂണിയൻ രൂപത പ്രസിഡൻറ് പ്രഫ. ജോസ് കാരികുന്നേൽ, പ്രോഗ്രാം കോ-ഓഡിനേറ്റർ ജോൺസൻ കറുകപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.



























































