പോത്താനിക്കാട്: സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് റോഡിലേക്ക് ചാഞ്ഞ് അപകടകരമായി നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ വെട്ടിമാറ്റാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു. പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനം – വെട്ടിത്തറ റോഡില്‍ പുല്‍പ്ര പീടികയ്ക്കു സമീപമാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ രണ്ടു കൂറ്റന്‍ ആഞ്ഞിലി മരങ്ങള്‍ റോഡിലേക്ക് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍ നില്‍ക്കുന്നത്. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്.
മഴ ശക്തമായതോടെ മരങ്ങളുടെ അടിഭാഗത്തെ മണ്ണ് റോഡിലേക്ക് ഇടിഞ്ഞ നിലയിലാണ്. സമീപത്തുകൂടി 11 കെവി ഉള്‍പ്പെടെയുള്ള വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്നുണ്ട്. മാസങ്ങള്‍ക്ക് മുന്‍പുതന്നെ സമീപവാസികള്‍ പോത്താനിക്കാട് പഞ്ചായത്ത് അധികൃതര്‍ക്കും പൊതുമരാമത്ത് വകുപ്പിനും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. മരങ്ങള്‍ വെട്ടിനീക്കണമെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പ് സ്ഥലം ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടാവുകയോ മരങ്ങള്‍ വെട്ടിമാറ്റാന്‍ ഉടമ തയാറാവുകയോ ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
