കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി തട്ടേക്കാട് സന്ദർശനം നടത്തി .തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ച. കീ. മീ ഒഴിവാക്കി പകരം മൂന്നാർ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റെയിഞ്ചിലെ 10.1694 ച. കീ. മീ വനപ്രദേശം തട്ടേക്കാട് പക്ഷി സങ്കേതത്തോടുകൂടി ചേർക്കുന്നതിനുള്ള സംസ്ഥാന വന്യ ജീവി ബോർഡിന്റെ ശുപാർശയിന്മേൽ തുടർനടപടികൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് സന്ദർശനം നടത്തിയത് . ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും,പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോക്ടർ രമൺ സുകുമാർ,ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ ആർ രഘുപ്രസാദ് , സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ ചീഫ് വൈൽഡ് ലൈഫ് വാർഡ് പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്,എൻ റ്റി സി എ മെമ്പർ ഐ എഫ് എഫ് ഹരിണി വേണുഗോപാൽ, കോട്ടയം എഫ് ഡി പി റ്റി &സി സി എഫ് വൈൽഡ് ലൈഫ് ഐ എഫ് എസ് പ്രമോദ് പി പി, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി ജയചന്ദ്രൻ,പെരിയാർ വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ എസ് സന്ദീപ്,പെരിയാർ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ ഐ എസ് സുരേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് തട്ടേക്കാട് സന്ദർശനത്തിന് എത്തിയത്. തട്ടേക്കാട് എത്തിയ സംഘം കരട് ശുപാർശയെ സംബന്ധിച്ച് ജനപ്രതിനിധികളുമായി ചർച്ച നടത്തി. ആന്റണി ജോൺ എംഎൽഎ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി കുര്യാക്കോസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോഷി പൊട്ടയ്ക്കൽ, ഷീല രാജീവ്, ആലീസ് സിബി എന്നിവർ ചർച്ചയിൽ പങ്കെടുത്തു .തുടർന്ന് പക്ഷി സങ്കേതത്തിന് അകത്ത് ഉൾപ്പെട്ടിട്ടുള്ള ജനവാസ മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളെല്ലാം സംഘം സന്ദർശിച്ചു.