കോതമംഗലം : വിവിധ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്ത നിറങ്ങളിലുള്ള മാർബിൾ കഷ്ണങ്ങൾ കൊണ്ട് മനോഹര ചിത്രം ഒരുക്കി കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. യു എ ഇ യിലെ ഫുജൈറയില്‍ അല്‍ ഹമൂദി എന്ന സ്ഥാപനം നടത്തുന്ന തൃശൂര്‍ ജില്ലാക്കാരന്‍ ചളിങ്ങാടുള്ള അബ്ദുല്‍ഖാദര്‍ ആണ് ഡാവിഞ്ചിയെ ഫുജൈറയില്‍ എത്തിക്കുന്നത്. അബ്ദുല്‍ഖാദറിന്‍റെ കമ്പനിയിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച മാര്‍ബിളുകള്‍ ഉപയോഗിച്ചാണ് ഡാവിഞ്ചി സുരേഷ് ചിത്രം തയ്യാറാക്കിയത്. 100 മീഡിയങ്ങളില്‍ ചിത്രങ്ങളും ശില്പങ്ങളും തീര്‍ക്കുന്ന തന്റെ യാത്രയുടെ അറുപത്തിയേഴാമത്തെ മീഡിയമാണ് മാര്‍ബിള്‍ എന്ന് ഡാവിഞ്ചി പറഞ്ഞു.
അബ്ദുള്‍ ഖാദറിന് ഇത്തരത്തില്‍ മാര്‍ബിളുകള്‍ കൊണ്ട് ഫുജൈറാ രാജാവായ ഹിസ് ഹൈനസ് – ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയുടെ ചിത്രം ചെയ്യിക്കാനുള്ള ആശയം ഉദിച്ചപ്പോഴാണ് ഡാവിഞ്ചിയെ യു എ ഇ ലേക്ക് വിളിപ്പിക്കുന്നത്. 10 അടി വീതിയും 14 അടി നീളവുമുള്ള പ്ലൈവുഡ് അടിച്ച ബോഡില്‍ സിലിക്കോണ്‍ ഉപയോഗിച്ച് വിവിധ നിറങ്ങളിലുള്ള മാര്‍ബിള്‍ പീസുകള്‍ ഒട്ടിച്ചു കൊണ്ടു ഒരാഴ്ച സമയമെടുത്താണ് ഫുജൈറ രാജാവിന്റെ ചിത്രം തീര്‍ത്തത്. മാര്‍ബിളുകള്‍ ആവശ്യമനുസരിച്ച് കട്ടുചെയ്യാന്‍ അബ്ദുല്‍ഖാദറിന്‍റെ കമ്പനിയിലെ ജീവനക്കാരും ഇദ്ദേഹത്തിന് സഹായത്തിന് ഉണ്ടായിരുന്നു.
ഇന്ത്യ, യു എ ഇ, ഒമാന്‍, ഇറ്റലി, തുര്‍ക്കി, സ്പൈന്‍, ഇറാന്‍, ജോര്‍ദാന്‍, ഈജിപ്ത്ത്, സിറിയ, ചൈന, പാക്കിസ്ഥാന്‍, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ പതിനാല് രാജ്യങ്ങളില്‍ നിന്നു കൊണ്ടുവന്ന മാര്‍ബിളുകളാണ് ഇതിനായി ഉപയോഗിച്ചതെന്ന് ഡാവിഞ്ചി സുരേഷ്.
ഒറ്റനോട്ടത്തില്‍ പെയിന്‍റിങ് പോലെ തോന്നുമെങ്കിലും ബ്രഷോ പെയിന്‍റോ ഉപയോഗിക്കാതെ മാര്‍ബിളിന്‍റെ നിറങ്ങളില്‍ മാത്രം കാണുന്ന ചിത്രം പുതിയ കാലഘട്ടത്തിന്‍റെ നൂതന മേഖലകളുടെ കണ്ടെത്തലുകളാണെന്ന് ശില്പിയുടെ സാക്ഷ്യം.