മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി കെഎസ്ഇബി സബ് സ്റ്റേഷനിലെ ചെമ്പ് കമ്പി ഉള്‍പ്പെടുന്ന കേബിളുകള്‍ മോഷ്ടിച്ച കേസില്‍ അഞ്ച് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. ആസ്സാം നൗഗോണ്‍ ബോഗമുഖ് സ്വദേശി സമിദുല്‍ ഹഖ് (31), മൊരിഗോണ്‍ കുപ്പറ്റിമാരി സ്വദേശി ഇസ്മായില്‍ അലി (40), നൗഗോണ്‍ ചാളന്‍ബാരി സ്വദേശി അബ്ദുള്‍ കാസിം (45), മോറിഗാവ് ശില്പഗുരി സ്വദേശി ഇക്രമുല്‍ ഹഖ് (26), മോറിഗാവ് ലാഹൗറിഘട്ട് സ്വദേശി ഇമാന്‍ അലി (30) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. മോഷ്ടിച്ച കേബിളുകളുടെ പ്ലാസ്റ്റിക് ഇന്‍സുലേഷന്‍ കത്തിച്ച് ഉരുക്കി മാറ്റി ചെറിയ തൂക്കങ്ങള്‍ ആക്കി പലപ്പോഴായി വില്‍പ്പന നടത്തി വരികയായിരുന്നു. സബ് സ്റ്റേഷനിലെ സോളാര്‍ പാനലില്‍ നിന്നും മറ്റുമായി പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന ചെമ്പ് കമ്പി ഉള്‍പ്പെടുന്ന കേബിളുകളാണ് മോഷ്ടിച്ചത്.
എറണാകുളം റൂറല്‍ ജില്ല പോലീസ് മേധാവി എം. ഹേമലതയുടെ നിര്‍ദ്ദേശാനുസരണം ജില്ലയിലെ മോഷണ കേസുകളുടെ അന്വേഷണം ത്വരിതപ്പെടുത്തിയിരുന്നു. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. മോഷണമുതല്‍ വിവിധ ആക്രി കടകളില്‍ നിന്ന് കണ്ടെടുത്തു. ഇവര്‍ മറ്റ് മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നു. ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ പി.ബി.സത്യന്‍, ടി.എ. മുഹമ്മദ്, എസ്‌സിപിഒമാരായ കെ.എസ്. ജയന്‍, ബിബില്‍ മോഹന്‍, രഞ്ജിത് രാജന്‍, ഷാന്‍ മുഹമ്മദ്, ബിനില്‍ എല്‍ദോസ്, റോബിന്‍ തോമസ്, സാബു, ബഷീറ, സിപിഒ രഞ്ജിഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
