കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന പുതിയ ഒ പി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈൻ ആയി നിർവഹിച്ചു. ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശിലാഫലകം അനാച്ഛാദനം ചെയ്തു. നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബു കൊട്ടാരം സ്വാഗതം ആശംസിച്ചു.
കോതമംഗലം താലൂക്കിലെ കിടത്തി ചികിത്സാ സൗകര്യമുള്ള ഏക സർക്കാർ ആയുർവേദ ആശുപത്രിയാണ് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രി. 1952ൽ ഡിസ്പെൻസറിയായി തുടങ്ങിയ സ്ഥാപനം 1983ൽ 10 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തി. കൂടാതെ 4 പേ വാർഡും പ്രവർത്തിക്കുന്നുണ്ട്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ, ജില്ലാ പഞ്ചായത്ത് മെമ്പർ പി എ എം ബഷീർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽജ ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്താർ വട്ടക്കുടി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വൃന്ദ മനോജ്,വാർഡ് മെമ്പർമ്മാരായ സി കെ സത്യൻ,കെ യു ഷമീർ,അസീസ് മോളത്ത് , രാഹുൽ തങ്കപ്പൻ, അജീബ് ഇരമല്ലൂർ,നാസർ വട്ടേക്കാടൻ,ഹോസ്പിറ്റൽ മാനേജമെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ മിനി സി ആർ ചടങ്ങിന് നന്ദി പറഞ്ഞു.






















































