കോതമംഗലം: സഹകരണ ബാങ്കുകളുടെ അംഗത്വ സമാശ്വാസ നിധി പദ്ധതി വഴിയുള്ള ധനസഹായത്തിന് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.മാരക രോഗബാധിതർ(അർബുദം,വൃക്കരോഗം ബാധിച്ച് ഡയാലിസിസിന് വിധേയരായി കൊണ്ടിരിക്കുന്നവർ,പരാലിസിസ് ബാധിച്ച് കിടപ്പിലായവർ,എച്ച് ഐ വി ബാധിതർ,ഗുരുതരമായ ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായവർ,കരൾ സംബന്ധമായ ഗുരുതര അസുഖം ബാധിച്ചവർ),വാഹന അപകടത്തിൽപ്പെട്ട് അംഗവൈകല്യം സംഭവിച്ചവരോ, കിടപ്പിലായവരോ, അപകടത്തിൽപ്പെട്ട് കിടപ്പിലായതോ, മരണപ്പെട്ടതോ ആയ അംഗങ്ങളുടെ ആശ്രിതർ,മാതാപിതാക്കൾ എടുത്ത വായ്പക്ക് ബാധ്യതപ്പെട്ട കുട്ടികൾ,പ്രകൃതി ദുരന്തങ്ങളിൽപെട്ട് വീടും,അനുബന്ധ സ്വത്ത് വകകളും നഷ്ടപ്പെട്ടവർ എന്നിങ്ങനെ ഉള്ളവർക്കാണ് സാമ്പത്തിക സഹായം ലഭ്യമാകുന്നത്.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് നിർദ്ദിഷ്ട അപേക്ഷ ഫോറത്തിൽ അപേക്ഷകൻ അംഗമായിട്ടുള്ള സഹകരണ ബാങ്കിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് (വരുമാന പരിധി 3 ലക്ഷത്തിൽ താഴെ),ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗീകൃത മെഡിക്കൽ ഓഫീസറിൽ നിന്നും ലഭിച്ച മെഡിക്കൽ റിപ്പോർട്ടും,ട്രീറ്റ് മെറ്റ് സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും,അവകാശി ആണെങ്കിൽ അവകാശ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് എന്നിവ സമർപ്പിക്കണം.ഈ സ്കീം പ്രകാരം നൽകുന്ന പരമാവധി ധനസഹായം 50,000 രൂപയാണ്. ഒരാൾക്ക് ഒരു പ്രാവശ്യം മാത്രമെ ധനസഹായം ലഭിക്കുകയുള്ളു എന്നും, ധന സഹായത്തിന് അപേക്ഷിക്കാൻ അർഹരായിട്ടുള്ളവർ അനുവദിച്ചിട്ടുള്ള സമയ പരിധിക്കകം അതാത് സഹകരണ ബാങ്കുകളിൽ അപേക്ഷ സമർപ്പിക്കണമെന്നും എംഎൽഎ അറിയിച്ചു.