കോതമംഗലം: പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി കോതമംഗലം താലൂക്കിൽ ഇന്റർ ഏജൻസി ഗ്രൂപ്പ് രൂപീകരിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനു വേണ്ടിയാണ് സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തി ഇന്റർ ഏജൻസി ഗ്രൂപ്പ് രൂപീകരിച്ചത്. 2018-19 വർഷങ്ങളിലെ പ്രളയത്തിൽ സ്തുത്യർഹമായ രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംഘടനകളെയാണ് ഇന്റർ ഏജൻസി ഗ്രൂപ്പിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. 24 സന്നദ്ധ സംഘടനകളുടെ പ്രതിനിധികളാണ് ആദ്യ യോഗത്തിൽ പങ്കെടുത്തത്. യോഗം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കാലവർഷത്തോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിനും,ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും ഇന്റർ ഏജൻസി ഗ്രൂപ്പ് മുൻകൈ എടുക്കണമെന്നും എംഎൽഎ പറഞ്ഞു. തഹസിൽദാർ റേയ്ച്ചൽ കെ വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തഹസിൽദാർ(എൽ ആർ) സുനിൽ മാത്യൂ ദുരന്തനിവാരണ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ഇന്റർ ഏജൻസി ഗ്രൂപ്പ് താലൂക്ക് കോ-ഓർഡിനേറ്റർ ശോഭ ജോസ്,ഡെപ്യൂട്ടി തഹസിൽദാർ(ഹെഡ് ക്വാർട്ടേഴ്സ്)എം അനിൽ കുമാർ എന്നിവർ സംസാരിച്ചു.