കോതമംഗലം: പൂർണ്ണമായും യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലുള്ള മാർ തോമ ചെറിയ പള്ളിയിൽ സ്ഥാപനകാലം മുതൽ നിലനിന്ന് വരുന്ന വിശ്വാസാചരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ട് ഓർത്തഡോക്സ് വിഭാഗത്തിന്റെ വിശ്വാസാചാരങ്ങൾ നടത്തുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ കൊടുത്ത കേസ് ഇനി പരിഗണിക്കുന്നത് കോതമംഗലത്ത്.
1934ലെ ഓർത്തഡോക്സ് ഭരണഘടന പ്രകാരം പള്ളി ഭരിക്കണമെന്നും അതിനായി ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നിലവിലെ കേസ്. മൂവാറ്റുപുഴ മുൻസിഫ് കോടതി കേസിന്റെ ചുമതല മൂവാറ്റുപുഴ ഡി.വൈഎസ്.പിയിൽ വിടർത്തി ഡി.ജി.പിക്ക് കൈമാറിയിട്ടുമുണ്ട്. പതിനാല് വീട്ടുകാർക്ക് വേണ്ടി പതിനായിരത്തോളം വരുന്ന ഇടവക വിശ്വാസികളെ അവരുടെ വിശ്വാസത്തിൽ നിന്ന് മാറ്റി നിർത്തുന്ന തരത്തിലുളള വിധി നടപ്പാക്കുന്നതിന് ശ്രമിച്ചാലുണ്ടാകുന്ന പ്രത്യാഘാതം കോതമംഗലത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലായിരിക്കുമെന്നാണ് കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ കോടതിയിൽ നൽകിയ റിപ്പോർട്ട്.
അന്ത്യോഖ്യ സിംഹാസനത്തിങ്കൽ നിന്ന് സുറിയാനി സഭയുടെ വിശ്വാസവുമായി കോതമംഗലത്ത് എത്തിചേർന്ന പരി.എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന പള്ളി കൂടിയാണ് മാർ തോമ ചെറിയ പള്ളി. മഹാഭൂരിപക്ഷം വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കുന്നതിനും ഇതര മതസ്ഥരടക്കം നിരവധി പേർ ദിനംപ്രതി എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമായ ചെറിയ പള്ളിയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തഡോക്സ് വിഭാഗത്തിന് കൈക്കലാക്കുന്നതിന് മാത്രമാണ് ഈ നീക്കമെന്ന് യാക്കോബായ വിശ്വാസികളുടെ ആരോപണം.
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കേന്ദ്രസേന വേണമെന്ന ഓർത്തഡോക്സ് പക്ഷത്തിന്റെ ആവശ്യം മുവാറ്റുപുഴ മുൻസിഫ് കോടതി തള്ളുകയായിരുന്നു. ഓർത്തഡോക്സ് പക്ഷത്തിനുള്ള സംരക്ഷണം കേരള DGP നൽകണമെന്ന നിർദ്ദേശവും കോടതി നൽകി. തുടർ കേസ് കോതമംഗലം കോടതിയിലേക്ക് മാറ്റുകയും ചെയ്തു. കോതമംഗലം ചെറിയ പള്ളിയിൽ സി.ആർ.പി.എഫിനെ വിന്യസിച്ച് പള്ളി പിടിച്ചെടുക്കാൻ കോടതി നിർദ്ധേശം നൽകിയെന്ന തരത്തിൽ ഓർത്തഡോക്സ് വിഭാഗം പ്രചരിപ്പിക്കുന്ന വാർത്തകൾ തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ഫാ.ജോസ് പരുത്തുവയലിൽ കോതമംഗലം വാർത്തയോട് പ്രതികരിച്ചു.
You must be logged in to post a comment Login