കോതമംഗലം: ദേശീയപാതയില്‍ കറുകടത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. പരിക്കേറ്റ കാര്‍ ഡ്രൈവര്‍ മിഥുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ക്കും പരിക്കുണ്ട്. കറുകടം മൗണ്ട് കാര്‍മല്‍ കോളേജിനുസമീപം ബുധനാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടമുണ്ടായത്.
ദിശ തെറ്റി വന്ന കാര്‍ എതിര്‍ദിശയില്‍നിന്നും വരുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതവും പെട്ടെന്ന് ബ്രേക്ക് ചെയ്തതും കാരണം ലോറി റോഡില്‍ വട്ടം മറിയുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് മുട്ടയുമായി വന്ന ലോറി റോഡില്‍ വട്ടം മറിഞ്ഞ് നൂറുകണക്കിന് മുട്ട പൊട്ടിയൊഴുകിയത് ഗതാഗത തടസ്സത്തിനിടയാക്കി. പോലീസും അഗ്‌നിരക്ഷാസേനയും എത്തിയാണ് ഗതാഗത തടസ്സം നീക്കിയത്.
വട്ടം മറിഞ്ഞ ലോറിയില്‍നിന്ന് മുട്ട പൊട്ടിയൊഴുകിയത് നീക്കംചെയ്യാന്‍ അഗ്‌നിരക്ഷാസേന ഏറെ ബുദ്ധിമുട്ടി. റോഡ് കഴുകുന്തോറും ലോറിയില്‍നിന്ന് പൊട്ടിയ മുട്ടയുടെ വഴുവഴുപ്പുള്ള ദ്രാവകം ഒഴുകിക്കൊണ്ടിരുന്നു. സോപ്പും വെള്ളവും ഉപയോഗിച്ച് രണ്ട് മണിക്കൂറിലേറെ കഴുകിയാണ് റോഡ് ശുചീകരിച്ചതെന്ന് അഗ്‌നിരക്ഷാസേനാ അധികൃതര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. രാത്രിയോടെ ലോറിയും കാറും നീക്കംചെയ്തു.






















































