കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ബഫർ സോൺ ദൂരപരിധി അടയാളപ്പെടുത്തിക്കൊണ്ട് സർക്കാർ പ്രസിദ്ധീകരിച്ച ഉപഗ്രഹസർവ്വേസ്കെച്ചും വിവരങ്ങളും ആശങ്ക ജനിപ്പിക്കുന്നതാണെന്നും ഇത് എത്രയും വേഗം പരിഹരിക്കണമെന്നും കേരള കർഷക അതിജീവന സംയുക്ത സമിതി എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചുകൊണ്ട് സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സ്ഥല പരിശോധന വിദഗ്ധ സമിതി ചെയർമാനും വനം വന്യജീവി വകുപ്പ് മന്ത്രാലയത്തിനും നിവേദനങ്ങൾ നൽകി. ബഫർ സോണിൽ വീടുകളും സ്ഥാപനങ്ങളും ഉൾപ്പെട്ടിട്ടുള്ളവർ സർക്കാർ വെബ്സൈറ്റിൽ കയറി തങ്ങളുടെ വിവരങ്ങൾ പോസ്റ്റുചെയ്യണമെന്ന് പറയുന്നത് അന്യായമാണെന്ന് സമിതി വിലയിരുത്തി. അതിനാൽ ഗ്രാമ പഞ്ചായത്ത്, റവന്യൂ അധികാരികൾ പൊതുജനങ്ങളെ ഈ കാര്യത്തിൽ സഹായിക്കണമെന്നും ഇതിനാവശ്യമായ സർക്കാർ നിർദ്ദേശം ഉടനെ നൽകണമെന്നും സമിതി ആവശ്യപ്പെട്ടു.
അതിജീവന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. ജോബി സെബാസ്റ്റ്യൻ, രക്ഷാധികാരി ഫാ. തോമസ് ജെ. പറയിടം, ഫാ. കുര്യാക്കോസ് കണ്ണമ്പിള്ളി, ജോയി എലിച്ചിറ, ജോസഫ് മാത്യു, ബിജോ എം. ജോസഫ് എന്നിവരുൾപ്പെട്ട നിവേദക സംഘമാണ് തിരുവനന്തപുരം ഓഫീസുകളിൽ നേരിട്ടെത്തി നിവേദനം കൈമാറിയത്.