കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷ പെൻഷനോ,വെൽഫെയർ ഫണ്ട് പെൻഷനോ അടക്കം ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ-അന്ത്യോദയ-അന്നയോജന കാർഡുടമകൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ധന സഹായ വിതരണം മെയ് 26 മുതൽ ആരംഭിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പ്രസ്തുത സാമ്പത്തിക സഹായത്തിന് കോതമംഗലം മണ്ഡലത്തിൽ 10425 പേരാണ് അർഹരായിട്ടുള്ളത്.
കവളങ്ങാട് പഞ്ചായത്ത് 1362,കീരംപാറ പഞ്ചായത്ത് 661,കുട്ടമ്പുഴ പഞ്ചായത്ത് 2469,കോട്ടപ്പടി പഞ്ചായത്ത് 692,നെല്ലിക്കുഴി പഞ്ചായത്ത് 1680,പല്ലാരിമംഗലം പഞ്ചായത്ത് 803,പിണ്ടിമന പഞ്ചായത്ത് 735,വാരപ്പെട്ടി പഞ്ചായത്ത് 660,കോതമംഗലം മുൻസിപ്പാലിറ്റി 1363 എന്നിങ്ങനെ 10425 പേരുടെ ലിസ്റ്റാണ് നിലവിൽ തയ്യാറാക്കിയിട്ടുള്ളതെന്നും എംഎൽഎ പറഞ്ഞു.സാമൂഹ്യ സുരക്ഷ പെൻഷനോ,വെൽഫെയർ ഫണ്ട് പെൻഷനോ അടക്കം ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ-അന്ത്യോദയ-അന്നയോജന കാർഡുടമകൾക്കാണ് ധനസഹായം ലഭിക്കുന്നത്.
റേഷൻ കാർഡ് ഇല്ലാത്തവർ ഈ പദ്ധതിയുടെ പരിധിയിൽ വരില്ല.ധന സഹായത്തിന് അർഹരായവർക്ക് സഹകരണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി പണം കൈമാറും. ഗുണഭോക്താക്കൾ നിശ്ചിത മാതൃകയിലുള്ള സത്യവാങ്ങ്മൂലം എഴുതി ഒപ്പിട്ട് നൽകണം. പണം വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്നും,ഗുണഭോക്താവ് യാതൊരു വിധത്തിലുള്ള തുകയും നൽകേണ്ടതില്ലെന്നും,ധന സഹായത്തിന് ആവശ്യമായിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് അനുവദിച്ചിട്ടുള്ളതെന്നും എംഎൽഎ പറഞ്ഞു.